ഐ.ഡി.എസ്.എഫ്.എഫ്.കെ; മേൽക്കൂരയിൽ നിന്നുള്ള എന്റെ മുന്നറിയിപ്പായിരുന്നു ഫൈനൽ സൊല്യൂഷൻ എന്ന ഡോക്യുമെന്ററി: രാകേഷ് ശർമ്മ

post

മേൽക്കൂരയിൽ നിന്ന് ഭാവി ഇന്ത്യയെ കുറിച്ചുള്ള തന്റെ മുന്നറിയിപ്പായിരുന്നു ഫൈനൽ സൊല്യൂഷൻ എന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഭാഗമായി ലൈഫ്‌ടൈം അച്ചീവ്മെന്റ് ജേതാവായ രാകേഷ് ശർമ്മ. ചലച്ചിത്ര വിമർശകനും ക്യൂറേറ്ററുമായ സി.എസ് വെങ്കിടേശ്വരനുമൊത്ത് നടന്ന സംവാദം ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമായിരുന്നു.

ശ്യാം ബെനഗലുമായുള്ള തുടക്കത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ചോദിച്ചപ്പോൾ, തന്റെ അറിവുകളുടെ ആഴക്കുറവ് തിരിച്ചറിയാൻ അതൊരിടമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജവഹർലാൽ നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള പരമ്പരയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഏല്പിച്ചപ്പോൾ അദ്ദേഹം ബെനഗലിനോട് എന്തിനാണ് തന്നെ തിരഞ്ഞെടുത്തതെന്ന് അന്വേഷിച്ചപ്പോൾ, വേണ്ട പ്രചോദനവും അവസരവും നൽകിയാൽ താൻ തിളങ്ങുമെന്നാണ് മറുപടി നൽകിയതെന്ന് ശർമ്മ ഓർത്തെടുത്തു. ഡോക്യുമെന്ററി ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനം എങ്ങനെ സംഭവിച്ചു എന്ന കൗതുക ചോദ്യത്തിൽ നാലഞ്ച് വർഷത്തേക്കുള്ള ഒരു ശ്രമം മാത്രമായിരുന്നു ഡോക്യുമെന്ററി ചിത്രമെടുക്കുന്നതെന്നും അത് പിന്നീട് ജീവിതത്തിന്റെ ഭാഗമാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കച്ചിൽ ഉണ്ടായ ഭൂകമ്പത്തിനുശേഷം സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ ഗ്രീൻപീസ് എന്ന എൻ.ജി.ഓ യുടെ ഭാഗമായി സുഹൃത്തിന്റെ ഒപ്പം പോയതാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അവിടത്തെ ജനങ്ങളുടെ സങ്കടങ്ങളും ജി.എം.ഡി.സി എന്ന ഖനന കമ്പനിയുടെ കഴുകൻ കൈയ്യുകളേയും അദ്ദേഹം നേരിട്ടറിഞ്ഞു. ''അവിടെ പ്രതിഷേധവുമില്ല, ശബ്ദവുമില്ല, ആക്ടിവിസ്റ്റ് സ്വരങ്ങളുമില്ല. അതിനെക്കുറിച്ച് ഞാൻ പറയാതെ പോയാൽ അത് എക്കാലവും മണ്ണിൽ മൂടിപ്പോകും,' അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് കലാപവും അതിന്റെ അനന്തരഫലങ്ങളുമാണ് ശർമ്മയുടെ പ്രശസ്തമായ ഫൈനൽ സൊല്യൂഷൻ എന്ന ഡോക്യൂമെന്ററിയിലൂടെ പറയുന്നത്. ജാതിമത സംഘർഷം അദ്ദേഹത്തിന് പരിചിതമായിരുന്നുവെങ്കിലും ഗുജറാത്തിലേത് ക്രൂരമായിരുന്നു. പക്ഷെ ആ കഥ പറയുന്നതിന് മുൻപ് തനിക്ക് മനസിനെ പാകപ്പെടുത്താൻ ഒരാറുമാസം വേണ്ടി വന്നെന്നും ആ കാലയളവിൽ ആർക്കു വേണ്ടിയാണ് താനീ കഥ പറയുന്നതെന്നും എന്താണ് അതിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

തന്റെ മുൻപത്തെ ചിത്രങ്ങളിൽ നിന്ന് ഫൈനൽ സൊല്യൂഷൻസിനെ വ്യത്യസ്തമാകുന്നത് ഒരൊറ്റ വ്യക്തിയുടെ വിവരണത്തിലൂടെയല്ല ചിത്രം പോകുന്നത് എന്നതാണ്. അത് പക്ഷെ പലരിലും എന്നെയൊരു പക്ഷപാതമില്ലാതെ വ്യക്തിയാക്കി മാറ്റി. പക്ഷെ ഞാൻ വ്യക്തമായ മനുഷ്യ പക്ഷമുള്ള ആളാണ്. സംഭാഷണമാണ് പ്രധാനം, എങ്ങനെ അത് ഒപ്പിയെടുക്കുന്നു എന്നത് എനിക്ക് പ്രധാനമല്ല എന്നാണ് അദ്ദേഹത്തിന്റെ ചിത്രീകരണ രീതിയെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്. സെൻസർഷിപ്പോ നിരീക്ഷണങ്ങളോ ഒഴിവാക്കാൻ എങ്ങിനെയാണ് കഴിയുന്നതെന്ന ചോദ്യത്തിൽ, അതിന് പിന്നിലെ കാരണം കഠിനമായ അവസ്ഥകളിൽ പ്രവർത്തിക്കാനുള്ള തന്റെ കഴിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്ങനെയാണ് ഒരു വിഷയം തിരഞ്ഞെടുക്കുന്നതെന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിൽ വേദന അനുഭവിച്ച മനുഷ്യരെയാണ് താൻ തിരഞ്ഞെടുക്കുന്നതെന്നും, വഴിയിലൂടെ കേട്ടുപോയവരെയല്ലെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്.

ഗുജറാത്ത് വംശഹത്യയുടെ ഇരകളിലൂടെയും സംഭവവികാസങ്ങളിലൂടെയുമുള്ള സംവിധായകന്റെ യാത്രയാണ് ആദ്യ ചിത്രമായ 'ഫൈനൽ സൊല്യൂഷൻ' തുറന്ന് കാട്ടിയത്. എന്നാൽ വംശഹത്യക്ക് ശേഷം പെട്ടെന്ന് സാധ്യമാകാതിരുന്ന അന്വേഷണങ്ങളും പറയാൻ പറ്റാതെപോയതുമായ കാര്യങ്ങളാണ് പുതിയ ചിത്രമായ  'ഫൈനൽ സൊല്യൂഷൻ: റീവിസിറ്റ്' എന്ന ചിത്രത്തിൽ ഉൾപെടുത്താൻ ശ്രമിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 26 വൈകിട്ട് ആറുമണിക്ക് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും.