പോരാട്ടത്തിന്റെ കർമ്മസാക്ഷ്യം:ശ്രദ്ധ നേടി ചാലിയാർ സമരനായകൻ കെ.എ റഹ്മാന്റെ പോരാട്ടജീവിതം പറയുന്ന 'അദ്രയി'

പതിനേഴാമത് കേരള രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയുടെ മൂന്നാം നാൾ ശ്രദ്ധ നേടി രാജ്യത്തെ പ്രധാന പരിസ്ഥിതി മുന്നേറ്റങ്ങളിലൊന്നായ മാവൂർ സമരത്തിന്റെയും അതിന് നേതൃത്വം നൽകിയ കെ എ റഹ്മാന്റെയും കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം 'അദ്രയി'. ഏഴുത്തുകാരിയായ ഫർസാന സംവിധാനം ചെയ്ത ചിത്രം ചാലിയാർ സമരത്തിന്റെ നാൾവഴികളിലൂടെയും കെ. എ. റഹ്മാൻ എന്ന വ്യക്തി നടത്തിയ പോരാട്ടത്തിന്റെയും നേർസാക്ഷ്യം കൂടിയാണ്.
കോഴിക്കോട് മാവൂരിൽ ബിർളാഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്രാസിം ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ചാലിയാർ പുഴയിലേക്കു ഒഴുക്കുന്ന രാസവസ്തുക്കളുടെയും പുറംതള്ളുന്ന വിഷവാതകങ്ങളുടെയും ഫലമായുണ്ടാവുന്ന മലിനീകരണത്തിനെതിരെ അഹോരാത്രം പോരാടിയ ധീരനായകനായിരുന്നു കെ. എ റഹ്മാൻ.അടിയന്തരാവസ്ഥയുടെ കടുത്ത നിയന്ത്രണങ്ങൾ പോലും മറികടന്നു മുന്നേറിയ സമരം കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടം തന്നെയായിരുന്നു. മലയാളം ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
സമരത്തിൽ പങ്കെടുത്ത സഹപ്രവർത്തകരുടെ സാക്ഷ്യങ്ങളിലൂടെ ആരംഭിക്കുന്ന 'അദ്രയി' കെ.എ. റഹ്മാൻ എന്ന അതികായന്റെ സമരവീര്യത്തിന്റെയും ചെറുത്തുനില്പിന്റെയും സുവ്യക്തമായ ആവിഷ്കാരമാണ്. വ്യക്തിജീവിതത്തിൽ അദ്ദേഹം നേരിട്ട ബാഹ്യസമ്മർദ്ദങ്ങളുടെയും ചാലിയാർ സമരം കടന്നു പോയ പ്രതിസന്ധികളെയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.
'ഈ നദി ഒരിക്കൽ കൂടി ജീവനോടെ തിരികെ വരണം. എനിക്ക് മത്സ്യങ്ങളെ വീണ്ടും കാണണം. എന്റെ ജനങ്ങൾ ഇനി മരിക്കേണ്ടിവരരുത്” വിഷമലിനീകരണത്തിന് എതിരെ ജീവിതം കൊണ്ട് പോരാടി, പോർമുഖത്ത് നിൽക്കെ അതേ വിഷമലിനീകരണത്തിന്റെ ഇരയായി വിടപറഞ്ഞ കെ.എ റഹ്മാൻ കാൻസറിന്റെ കൊടുംവേദന ശരീരം തുളച്ചുകയറുമ്പോഴും 'എന്റെ ചാലിയാർ' എന്നാവർത്തിച്ച് വിങ്ങിപ്പൊട്ടി.'അദ്രയി' എന്ന ഡോക്യൂമെന്ററി ചിത്രം വരും തലമുറകൾക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.