ഐ.ഡി.എസ്.എഫ്.എഫ്.കെ. 2025 മൂന്നാം ദിവസം: പ്രേക്ഷക പ്രീതി നേടി ഇലക്ഷൻ ഡയറീസ്, എഫ്.ടി.ഐ.ഐ ചിത്രങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെൻ്ററി ഹ്രസ്വചിത്രമേള മൂന്നാം ദിവസവും മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്നു. പ്രധാന വേദികളായ കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ രാവിലെ 9:15 മുതൽ പ്രദർശനങ്ങൾ ആരംഭിച്ചു. മികച്ച പ്രേക്ഷക സാന്നിധ്യത്തോടെയായിരുന്നു മൂന്നാം ദിനത്തിന്റെ തുടക്കം. മത്സര വിഭാഗങ്ങളോടൊപ്പം, ഫോകസ് ഷോർട്ട് ഫിക്ഷൻ, ഷോർട്ട് ഡോക്യുമെന്ററി, ഫെസ്റ്റിവൽ വിന്നേഴ്സ്, ഹോമേജ്, സൗണ്ട്‌സ്കേപ്പ്സ് എന്നീ വിഭാഗങ്ങളിലുമുള്ള ചിത്രങ്ങളും പ്രദർശിപ്പിച്ചു.
രണ്ട് പുതിയ പാക്കേജുകളാണ് മൂന്നാം ദിവസത്തെ വേറിട്ടതാക്കിയത്. ഇന്ത്യൻ സിനിമയ്ക്ക് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികൾ നൽകിയ സംഭാവനകളെ അടയാളപ്പെടുത്തുന്ന 'എ റൂം ഓഫ് അവർ ഓൺ' എന്ന പാക്കേജും, ജർമ്മനിയിലെ ഗോട്ടിൻജൻ യൂണിവേഴ്‌സിറ്റിയുടെ സെന്റർ ഫോർ മോഡേൺ ഇന്ത്യൻ സ്റ്റഡീസ് (സെമിസ്) നിർമ്മിച്ച 'ഇലക്ഷൻ ഡയറീസ്' എന്ന പാക്കേജുമാണ് പ്രദർശനത്തിനെത്തിയത്. അമേരിക്കൻ സറിയലിസ്റ്റ് സംവിധായകൻ ഡേവിഡ് ലിഞ്ചിന്റെ സിനിമാ സൃഷ്ടികളെ ആദരിക്കുന്ന 'ഫിലിം മേക്കർ ഇൻ ഫോക്കസ്' വിഭാഗത്തിലെ ചിത്രങ്ങളും ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവായ രാകേഷ് ശർമ്മയുടെ തിരഞ്ഞെടുത്ത ചിത്രങ്ങളും മൂന്നാം ദിവസം പ്രദർശിപ്പിച്ചു.
ദളിത് ആക്ടിവിസ്റ്റ് സുബ്ബയ്യയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തെ പുനരാഖ്യാനം ചെയ്ത എം.കെ.പി. ഗ്രിധരന്റെ ‘ദളിത് സുബ്ബയ്യ: വോയ്സ് ഓഫ് ദി റെബൽസ്,’ എഴുപത് വയസ്സുള്ള ലച്ചുമിയുടെ ജീവിതത്തിലെ ഇച്ഛകളും, ഏകാന്തതയും, വാർദ്ധക്യ പ്രശ്നങ്ങളും അവതരിപ്പിച്ച പളനി റാമിന്റെ 'ദി ബാലഡ് ഓഫ് ദി ഫാം,' ചാലിയാർ സമര നേതാവ് കെ.എ റഹ്മാന്റെ ജീവിതവും പാരമ്പര്യവും ആഴത്തിൽ പരിശോധിക്കുന്ന ഫർസാന സി.കെ.യുടെ 'അദ്രയിൽ' എന്നിവ മികച്ച കാഴ്ചാനുഭവം സമ്മാനിച്ചു. ഇന്ത്യയിലെ കാഴ്ചപരിമിതിയുള്ള വനിതാ ഫുട്ബോൾ കളിക്കാരുടെ അഭിനിവേശവും അതിജീവനവും ആഘോഷിക്കപ്പെടുന്ന രാജ് ബിപിൻ മാൽഡെയുടെ 'വോയ്,' കോവിഡ് ലോക്ക്ഡൗൺ കാലത്ത് വീട്ടിലേക്ക് മടങ്ങിയെത്താൻ സൈക്കിളിൽ നടത്തിയ പ്രയാണം രേഖപ്പെടുത്തിയ 'സൈക്കിൾമഹേഷ്,' ഇറാനിയൻ-കനേഡിയൻ കുടുംബത്തിന്റെ തലമുറകളിലെ സാംസ്കാരികവും ലിംഗപരവുമായ സ്വത്വത്തിന്റെ പരിണാമം നിരീക്ഷിച്ച 'എ ഹിസ്റ്ററി ഓഫ് സാഡ്നെസ്സ്' എന്നിവക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു.
ബീന പോൾ, റീന മോഹൻ, സുരഭി ശർമ്മ എന്നിവർ ക്യൂറേറ്റ് ചെയ്ത 'എ റൂം ഓഫ് അവർ ഓൺ' എഫ്.ടി.ഐ.ഐ വനിതാ ബിരുദധാരികളുടെ ഓർമ്മകളുടെയും അനുഭവങ്ങളുടെയും ഡിജിറ്റൽ ശേഖരമാണ്. പുരുഷാധിപത്യ സ്ഥാപനത്തിനുള്ളിലെ സ്ത്രീകളുടെ പോരാട്ടങ്ങളെയും തിരിച്ചറിവുകളെയും ചുറ്റിപ്പറ്റിയ ചിത്രങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. കോയൽ സെന്നിന്റെ '2 എസ് 33 സി ബ്ലോക്ക്, ബോയ്‌സ് ഹോസ്റ്റൽ,' പൂർവ നരേഷിന്റെ 'റിമംബറിംഗ് റ്റു ഫോർഗെറ്റ്,' ബാതുൽ മുക്തിയാറിന്റെ 'റാൻഡം തോട്ട്‌സ് ഓൺ എ സൺഡേ ആഫ്റ്റർനൂൺ,' ഫൗസിയ ഖാന്റെ ബംഗാളി ചിത്രമായ 'മൈ പൂനെ ഡയറി' എന്നീ ചിത്രങ്ങൾ ഗൃഹാതുരമായ ഓർമ്മകൾ അയവിറക്കുന്നതും, സിനിമയുടെ സാമ്പ്രദായിക ചരിത്രത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
'ഇലക്ഷൻ ഡയറീസ്' 2024 വിഭാഗത്തിൽ, ഉയർന്നുവരുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ നടക്കുന്ന കടുത്ത പോരാട്ടങ്ങളുടെ രേഖപ്പെടുത്തലിന് പ്രേക്ഷക പ്രശംസ ലഭിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഗേ, ട്രാൻസ്‌ജെൻഡർ പ്രതിനിധാനങ്ങളുടെ സാധ്യതകൾ അന്വേഷിക്കുന്ന അവിജിത് മുകുൾ കിഷോറിന്റെ 'എ മിനിസ്ക്യൂൾ മൈനോറിറ്റി,' ഷിലോങിലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മണ്ണിന്റെ മക്കളും പുറത്തുനിന്നുള്ളവരും എന്ന വേർതിരിവിലുള്ള വംശകേന്ദ്രിത രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന അമിത് മഹന്തിയുടെ 'ഇൻസൈഡ് ഔട്ട്' എന്നിവ നിരൂപക പ്രശംസ നേടി.
അരികുവൽകരിക്കപ്പെട്ട ജനതയെ ശക്തിപ്പെടുത്തുന്നതിനും, പൊലിഞ്ഞുപോയ ചരിത്രങ്ങളെ വീണ്ടെടുക്കുന്നതിനും, നമ്മുടെ കൂട്ടായ അവബോധത്തെ രൂപപ്പെടുത്തുന്നതിനും സിനിമയിലൂടെ സാധിക്കുമെന്ന് മൂന്നാം ദിനത്തിലെ ചിത്രങ്ങൾ തെളിയിക്കുന്നു. വ്യക്തിപരവും രാഷ്ട്രീയവും സാംസ്കാരികവുമായ ആഖ്യാനങ്ങളെ ആഘോഷിക്കുന്നതിനുമുള്ള ഐഡിഎസ്എഫ്എഫ്കെയുടെ പ്രത്യേക താൽപര്യത്തിന് സാക്ഷ്യമാണ് ഈ പ്രദർശനങ്ങൾ.