ഐ.ഡി.എസ്.എഫ്.എഫ്.കെ മൂന്നാം ദിനം: 'മീറ്റ് ദി ഡയറക്ടർ' ചർച്ചയിൽ സിനിമ വ്യക്തിപരമായ ആവിഷ്കാരമെന്ന് സംവിധായകർ

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിനത്തിൽ ശ്രദ്ധയാർജ്ജിച്ച് ഡോക്യുമെന്ററി ഹ്രസ്വ ചിത്ര സംവിധായകരുടെ മീറ്റ് ദി ഡയറക്ടർ ചർച്ച. വേറിട്ട ശബ്ദങ്ങൾക്കും തങ്ങളുടെ പരീക്ഷണ ചിത്രങ്ങൾക്കും വേദിയായ മേളയ്ക്ക് ചലച്ചിത്രകാരൻമാർ നന്ദി അറിയിക്കുകയും ചെയ്തു. ഐ.ഡി.എസ്.എഫ്.എഫ്.കെ രാജ്യത്തെ മറ്റ് മേളകളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും പുതുമുഖ സംവിധായകർക്ക് മേള ഒരുക്കുന്ന വേദിയുടെ പ്രാധാന്യത്തെപ്പറ്റിയും അവർ എടുത്തുപറഞ്ഞു.
ശ്രുതി എ ശ്രീകുമാർ മോഡറേറ്റ് ചെയ്ത ചർച്ചയിൽ സംവിധായകരായ റ്റൈറ മലാനെ, പൂജ തൊലാനി, ഹർഷിൽ ഭാനുശാലി, ജയശങ്കർ രാമു, ആര്യകി, സായ് കിരൺ എം ഡി, അക്ഷയ് മോഹനൻ, സനീഷ് കരീപാൽ, പളനി റാം, പ്രജ്വൽ ഹെഗ്ഗ്‌ഡെ, ഫർസാന സി കെ, ബ്രിസ്തിഭ നോങ്ബട്ട്, ഋതിക മറിയം അബ്രഹാം എന്നിവർ പങ്കെടുത്തു.
സൈക്കിളിനെ മുഖ്യ കഥാപാത്രമായി തങ്ങളുടെ ചിത്രങ്ങളിൽ പ്രദർശിപ്പിച്ച ചെയിൻ ആൻഡ് വീൽസ് സംവിധായകരായ ആര്യകിയും ജയശങ്കറും , എ ബ്രീഫ് മൊമെന്റ് സംവിധായകൻ സായ് കിരണും ചിത്രത്തിലെ സൈക്കിളിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. രാജ്യത്ത് സൈക്കിൾ കൊണ്ട് ഉപജീവനമാർഗം കണ്ടെത്തുന്ന മനുഷ്യരുടെ ദുരിതപൂർണ്ണമായ അവസ്ഥയും അവരോടുള്ള അധികാരികളുടെ അവഗണനയും ചർച്ച ചെയ്തു.
നഷ്ടബോധത്തിന്റെയും വിരഹത്തിന്റെയും ആശയങ്ങളെ തങ്ങളുടെ ചിത്രങ്ങളിലൂടെ ദൃശ്യവത്കരിക്കുന്നതിനെക്കുറിച്ച് സംവിധായകരായ പളനി റാമും പ്രജ്വൽ ഹെഗ്ഗ്‌ഡെയും സംസാരിച്ചു. ചിത്രങ്ങളിലെ മനുഷ്യ വികാരങ്ങളുടെ ചിത്രീകരണം തികച്ചും വ്യക്തിപരമായ പ്രക്രിയയാണെന്നും പലർക്കും വ്യത്യസ്ത അനുഭവമാണ് അവ ഒരുക്കുന്നതെന്നും സംവിധായകർ അഭിപ്രായപ്പെട്ടു. സംവിധായിക ഫർസാന സി.കെ തന്റെ ഡോക്യുമെന്ററി നിർമ്മാണത്തിൽ വന്ന പ്രതിസന്ധികളെപ്പറ്റിയും ചാലിയാർ സമരത്തെക്കുറിച്ചുള്ള ഗവേഷണ വേളയിൽ വസ്തുതകൾ ശേഖരിക്കുന്നതിൽ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റിയും സംസാരിച്ചു.
ചിത്രങ്ങൾ പലർക്കും ചുറ്റുമുള്ളവരുമായി സംവദിക്കാനുള്ള മാധ്യമമാണെന്നും മറ്റു ചിലർക്ക് വ്യക്തിപരവും രാഷ്ട്രീയപരവുമായ സൃഷ്ടിയാണെന്നും അഭിപ്രായമുയർന്നു. ചിത്രങ്ങളിലൂടെ സ്വന്തം വ്യക്തിത്വവും ശബ്ദവും കണ്ടെത്താൻ ശ്രമിക്കണമെന്നും ഓരോ ചലച്ചിത്രകാരനും കൃത്യമായ ആത്മപരിശോധനയ്ക്ക് വിധേയമാകണമെന്നും അഭിപ്രായമുയർന്നു.