ഡോക്യുമെന്ററി നിർമ്മാണത്തിലെ പുത്തൻ പാതകൾ തേടി ഐ.ഡി.എസ്.എഫ്.എഫ്.കെ. രണ്ടാം ദിനത്തിലെ പാനൽ ചർച്ച

ഐ.ഡി.എസ്.എഫ്.എഫ്.കെ. രണ്ടാം ദിനത്തിലെ പാനൽ ചർച്ച 'ഷിഫ്റ്റിംഗ് ടെറയൻസ് ഓഫ് ഡോക്യൂമെന്ററി മേക്കിങ് : ഫൈൻഡിംഗ് ന്യൂ പാത്ത് 'ൽ മാറുന്ന ഡോക്യുമെന്ററി പശ്ചാത്തലവും മാറ്റം വരുന്ന പരമ്പരാഗത ഡോക്യുമെന്ററി ശൈലികളും ചർച്ചയായി.
ലോങ്ങ് ഡോക്യൂമെന്ററി സെലക്ഷൻ കമ്മിറ്റി അംഗം ഈശ്വർ ശ്രീകുമാർ മോഡറേറ്ററായ ചർച്ചയിൽ മൂന്ന് പ്രശസ്ത സമകാലീന ഡോക്യുമെന്ററി സംവിധായകർ പങ്കെടുത്തു. നോൺ ഫിക്ഷൻ ജ്യൂറി അംഗവും സൂപ്പർമാൻ ഓഫ് മാലേഗോൺ എന്ന ചിത്രത്തിന്റെ സംവിധായികയുമായ ഫൈസാ അഹമ്മദ് ഖാൻ, നോൺ ഫിക്ഷൻ ജ്യൂറി അംഗവും അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ച റൈറ്റിംഗ് വിത്ത് ഫയർ എന്ന ചിത്രത്തിന്റെ സംവിധായികയുമായ റിന്റു തോമസ്, ഷോർട്ട് ഡോക്യുമെന്ററി സെലക്ഷൻ കമ്മിറ്റി അംഗം ജ്യോതി നിഷ എന്നിവരാണ് പാനൽ അംഗങ്ങൾ.
ഡോക്യുമെന്ററി നിർമ്മാണ ഘടനയിൽ വന്ന രൂപമാറ്റത്തെ ചർച്ചയക്ക് വിധയമാക്കിയ പാനൽ അംഗങ്ങൾ അവരുടെ അനുഭവങ്ങളിലൂടെ ഈ മേഖലയിലെ മാറ്റങ്ങളെപ്പറ്റി സംസാരിച്ചു. ചലച്ചിത്ര പ്രവർത്തക ജ്യോതി നിഷയ്ക്ക് ആശയ രൂപീകരണം തികച്ചും വ്യക്തിപരമായ പ്രകിയയാണ്. ചുറ്റുമുള്ള മനുഷ്യരുടെ ജീവിത അനുഭവങ്ങളിൽ വേരൂന്നിയ കാഴ്ചപ്പാടാണ് വ്യത്യസ്തമായ വീക്ഷണത്തിലൂടെ തന്റെ ചിത്രങ്ങൾ ഒരുക്കാൻ ശ്രമിക്കുന്നതെന്നും ജ്യോതി കൂട്ടിചേർത്തു.
സിനിമയുടെ അതിർ വരമ്പുകൾക്ക് അതീതമാണ് ഡോക്യുമെന്ററികൾ എന്നും അവ രാഷ്ട്രീയ വസ്തു നിഷ്ഠമായ സൃഷ്ടിയാണെന്നും സംവിധായക ഫൈസ അഹമദ് ഖാൻ പറഞ്ഞു. വേറിട്ട ശബ്ദങ്ങളുടെയും പരീക്ഷണ ചിത്രങ്ങളുടെയും മാധ്യമമായി ഡോക്യുമെന്ററി മേഖലയെ പരമ്പരാഗത ശൈലിയിൽ നിന്നും പുനർ നിർവചിക്കുകെയാണ് എന്ന് പാനൽ അഭിപ്രായപ്പെട്ടു.
ഡോക്യുമെന്ററി നിർമ്മാണത്തിലെ സാമ്പത്തിക പ്രതിസന്ധികളെകുറിച്ച് ചർച്ചചെയ്ത പാനൽ അവർ സ്വീകരിക്കുന്ന വേറിട്ട ധനസഹായ രീതികളെ കുറിച്ചും സംസാരിച്ചു. തന്റെ കഥയോടും ആശയങ്ങളോടും ചേർന്നു പ്രവർത്തിക്കുന്ന നിർമ്മാതാക്കളുമായി കൈകോർക്കാനാണ് സംവിധായക ജ്യോതി നിഷയ്ക്ക് താല്പര്യം. ആവിഷ്‌കാര സ്വാതന്ത്ര്യം നിലനിർത്തുന്നതിനായി ക്രൗഡ് ഫണ്ടിങ്ങും ഗ്രാന്റുകളും വഴിയാണ് സംവിധായക റിന്റു തോമസ് തന്റെ ചിത്രങ്ങൾക്ക് ധനസഹായം കണ്ടെത്തുന്നത്.
പാനൽ ചർച്ചയിൽ ഡോക്യുമെന്ററികളോടുള്ള പ്രേക്ഷകസ്വീകരണത്തിന്റെ സ്വഭാവം വിശകലനം ചെയ്തു. ഫൈസാ അഹമ്മദ് ഖാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന പ്രേക്ഷക പങ്കാളിത്തത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. പ്രേക്ഷകരെ മുൻനിർത്തിയാണ് സിനിമകൾ നിർമ്മിക്കേണ്ടതെന്ന് റിന്റു തോമസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷങ്ങളായി പ്രേക്ഷകരിലേക്ക് ചിത്രങ്ങൾ വിതരണം ചെയ്യുന്ന മാർഗങ്ങൾക്കും മാറ്റം വന്നുവെന്നും സമൂഹമാദ്ധ്യമങ്ങളും മാർക്കറ്റിങ്ങും വഹിക്കുന്ന അനിവാര്യമായ പങ്കിനെക്കുറിച്ചും പാനൽ സംസാരിച്ചു. പ്രേക്ഷകർ വരുമെന്ന് കാത്തിരിക്കാതെ ചലച്ചിത്രനിർമ്മാതാക്കൾ തന്നെ അവരുടെ പ്രേക്ഷകരെ തേടിപ്പോകണം എന്നും അവർ അഭിപ്രായപ്പെട്ടു.