ഇനി ഞാന്‍ ഒഴുകട്ടെ : നീരുറവകള്‍ വീണ്ടെടുത്ത് ഹരിതകേരള മിഷന്‍

post

കൊല്ലം: ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനകീയ പരിപാടിയായ ഇനി ഞാന്‍ ഒഴുകട്ടെ ജില്ലയില്‍ സജീവം. പഴങ്ങാലം തോടിന്റെ ശുചീകരണത്തോടെ തുടക്കമായ ക്യാമ്പയിന്‍ വിവിധ പ്രദേശങ്ങളിലെ ജലസ്രോതസ് പുനരുജ്ജീവനത്തിലൂടെയാണ് തുടരുന്നത്.

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ മൂന്ന് കിലോമീറ്റര്‍ നീളത്തിലും അഞ്ച് മീറ്റര്‍ വീതിയിലും ഒഴുകുന്ന തലക്കുളം പാങ്ങാട് ചിറ ജി എസ് ജയലാല്‍ എം എല്‍ എയുടെ നേതൃത്വത്തിലാണ് വൃത്തിയാക്കി ഒഴുക്ക് പുന:സ്ഥാപിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ അദ്ധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല എസ്, വൈസ് പ്രസിഡന്റ് വി ജി ജയ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സജി പി വര്‍ഗീസ്, ഹരിതകേരളം മിഷന്‍ റിസോഴ്സ്പേഴ്സണ്‍ സുജാത.വി, തുടങ്ങിയവര്‍ സംസാരിച്ചു.

ഇരുപ്പൂ കൃഷി ചെയ്യുന്നതിനും ജലസമൃദ്ധി ഉറപ്പാക്കുന്നതിനും ലക്ഷ്യം വച്ചു നിര്‍മിച്ച തലക്കുളം പാങ്ങാട്ചിറ ഏലാ തോടിലേക്ക് ജലമെത്തുന്നതിന് സഹായകമാകുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, കുടുംബശ്രീ തുടങ്ങിയവര്‍ മഹാശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

ചിറക്കര തോട്, വെട്ടിക്കവല പഞ്ചായത്തിലെ വേലംകോട് വൈദ്യശാല തോട്, തെന്മലയിലെ ആണ്ടൂര്‍ പച്ചതോട്, തെക്കുംഭാഗത്തെ ആണ്ടാക്കുളം, ഇട്ടിവയിലെ കാവുങ്കല്‍ തോട്, കുലശേഖരപുരത്തെ കളീയ്ക്കല്‍ തോട് എന്നിവയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.