കിലയില്‍ സെന്റര്‍ ഫോര്‍ അര്‍ബന്‍ ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് അര്‍ബന്‍ ചെയര്‍

post

തിരുവനന്തപുരം: കിലയില്‍ സെന്റര്‍ ഫോര്‍ അര്‍ബന്‍ ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ബന്‍ ചെയര്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിന് അര്‍ബന്‍ ചെയര്‍ പ്രൊഫസര്‍, സീനിയര്‍ അര്‍ബന്‍ ഫെല്ലോ, അര്‍ബന്‍ ഫെല്ലോ എന്നീ തസ്തികകള്‍ സൃഷ്ടിക്കും.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തൊഴില്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 16 ക്ഷേമനിധിബോര്‍ഡുകള്‍ 11 ആയി കുറയ്ക്കും.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള ഷോപ്പ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും സംയോജിപ്പിക്കും. 

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡുമായി ചേര്‍ക്കും. കേരള ബീഡി ആന്റ് സിഗാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായുമാണ് സംയോജിപ്പിക്കുക. ഉയര്‍ന്ന ഭരണച്ചെലവ് കാരണം മിക്ക ക്ഷേമനിധി ബോര്‍ഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ബോര്‍ഡുകളുടെയും നിലനില്‍പ്പ് തന്നെ പ്രയാസമായിട്ടുണ്ട്. ബോര്‍ഡുകളില്‍ അംഗമായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ട് എണ്ണം കുറയ്ക്കേണ്ടതു അനിവാര്യമായിരിക്കുകയാണ്. ഈ പ്രശ്നം പഠിക്കാന്‍ ലേബര്‍ കമീഷണര്‍ അധ്യക്ഷനായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് 16 ബോര്‍ഡുകള്‍ 11 ആയി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതു പ്രാവര്‍ത്തികമാക്കുന്നതിന് നിയമനിര്‍മാണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്കിന്റെ പദ്ധതി നിര്‍വ്വഹണത്തിന് കെ-ഫോണ്‍ ലിമിറ്റഡില്‍ 6 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മാനേജിംഗ് ഡയറക്ടര്‍, കമ്പനി സെക്രട്ടറി ആന്റ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ചീഫ് ഫിനാന്‍സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മാനേജര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.

കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ (കെ.എസ്.ഐ.ടി.ഐ.എല്‍) 16 സ്ഥിരം തസ്തികകളും പ്രൊജക്ട് അധിഷ്ഠിതമായി 18 താല്‍ക്കാലിക തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, കമ്പനി സെക്രട്ടറി ആന്റ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മാനേജര്‍ (എസ്റ്റേറ്റ്), ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്) എന്നിവയുടെ ഓരോ തസ്തിക വീതവും ടെക്‌നിക്കല്‍ വിഭാഗത്തിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നിവയുടെ 2 തസ്തികകള്‍ വീതവും ഡെപ്യൂട്ടി മാനേജരുടെ (ടെക്) 4 തസ്തികയുമാണ് സ്ഥിരമായി സൃഷ്ടിക്കുക.

നിയമനങ്ങള്‍

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി അഡ്വ. കെ.വി. മനോജ്കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു.

താലൂക്ക്, ജില്ലാ ലൈബ്രറി കൗണ്‍സിലുകളില്‍ ജോലി ചെയ്തുവരുന്ന 46 പേരുടെ സര്‍വ്വീസ് റെഗുലറൈസ് ചെയ്യാന്‍ തീരുമാനിച്ചു.

ആറാട്ടുപ്പുഴ ഗ്രാമപഞ്ചായത്തില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലി നോക്കിവരവെ വാഹനാപകടത്തെ തുടര്‍ന്ന് ഇന്‍വാലിഡ് പെന്‍ഷന്‍പറ്റി സേവനത്തില്‍ നിന്നും പിരിഞ്ഞ എം. ഷറഫിന്റെ മകന്‍ എസ്. മില്‍ഹാജിന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം നിലവിലുള്ള ചട്ടങ്ങളില്‍ ഇളവു നല്‍കി നിയമനം നല്‍കും.