ധര്‍മടം മണ്ഡലത്തില്‍ എസ്സി-എസ്ടി പത്താംതരം തുല്യത പ്രത്യേക പദ്ധതിക്ക് തുടക്കമായി

post

കണ്ണൂര്‍ : ധര്‍മടം നിയോജക മണ്ഡലത്തിലെ പത്താംതരം തുല്യത പൂര്‍ത്തിയാക്കാത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പഠിതാക്കളെ സാക്ഷരത മിഷന്‍ തുല്യതാ പരീക്ഷയിലൂടെ പത്താം തരം പാസാക്കുന്ന പ്രത്യേക പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ നിയോജക മണ്ഡല തല യോഗം പിണറായി പഞ്ചായത്ത് ഹാളില്‍ നടന്നു. യോഗത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി.

രജിസ്‌ട്രേഷന്‍ ജൂണ്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പ്രാഥമിക രജിസ്‌ട്രേഷനിലൂടെ യോഗ്യരായ മുഴുവന്‍ പഠിതാക്കളെയും കണ്ടെത്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഏഴാം തരം വിജയിച്ച് പത്താം ക്ലാസ് പൂര്‍ത്തിയാക്കാത്തവര്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പദ്ധതി. പഞ്ചായത്ത് അംഗങ്ങള്‍ മുഖാന്തിരം നേരിട്ട് നടത്തിയ സര്‍വ്വേയില്‍ ഇതിനോടകം 181 പഠിതാക്കളെയാണ് കണ്ടെത്തിയത്. ഓണ്‍ലൈനിലൂടെയും ഞായറാഴ്ചകളില്‍ സാമൂഹിക അകലം പാലിച്ച് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ക്ലാസുകള്‍ സംഘടിപ്പിക്കും. 17 വയസിന് മുകളിലുള്ള ഏഴാം തരം പൂര്‍ത്തിയാക്കിയ എസ്സി/ എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

യോഗത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ എ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പിണറായി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗീതമ്മ, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.