ഭിന്നശേഷി കുട്ടികള്‍ക്ക് ആശ്വാസമായി സമഗ്രശിക്ഷയുടെ'വൈറ്റ്ബോര്‍ഡ്'

post

കണ്ണൂര്‍ : ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കു കൂടി ഓണ്‍ലൈന്‍ പഠന ലഭ്യത സാധ്യമാക്കിയത് ലോകത്തിന് തന്നെ മാതൃകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.   ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകള്‍ പിന്തുടരാന്‍ കഴിയാത്ത ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സമഗ്രശിക്ഷ കേരളം നടപ്പാക്കുന്ന വൈറ്റ് ബോര്‍ഡ് എന്ന പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്ഘാടനം  ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാഴ്ച, കേള്‍വി, ബുദ്ധിപരിമിതിയുള്ളവര്‍ക്കും, ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നിവ ബാധിച്ചവര്‍ക്കും  അവര്‍ക്ക് അനുയോജ്യമായ വിധത്തില്‍  പാഠഭാഗങ്ങള്‍ തയ്യാറാക്കി  ഓണ്‍ലൈനില്‍ നല്‍കുന്ന പ്രവര്‍ത്തനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി അനുരൂപീകരണം സാധ്യമാവുന്ന വിധത്തില്‍ 168 പഠന വീഡിയോയാണ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്.  ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകം പഠനസാമഗ്രികള്‍ ഉണ്ടാവും. ജില്ലയിലെ 3493 ഭിന്നശേഷി കുട്ടികളെ ഉള്‍പ്പെടുത്തി 126 റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തില്‍ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ രക്ഷിതാക്കള്‍ മുഖേനയാണ് ക്ലാസുകള്‍ നല്‍കുക.
മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍  അനിത വേണു അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍  മനോജ് മണിയൂര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍  കെ വിനോദ് കുമാര്‍, സമഗ്ര ശിക്ഷ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാലന്‍, പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, കൈറ്റ് കോ ഓര്‍ഡിനേറ്റര്‍ കെ ബൈജു, പി വി പ്രദീപന്‍, എ പി അംബിക,  ഇ വി സന്തോഷ് കുമാര്‍, കെ കെ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.