കടല്‍ക്ഷോഭം: കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാറ്റിപ്പാര്‍പ്പിക്കും

post

തൃശൂര്‍ : തീരപ്രദേശത്ത് കടല്‍ക്ഷോഭം മൂലം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ രോഗാവസ്ഥയിലുള്ളവരെ സ്‌കൂളുകളിലെ ക്യാമ്പുകളിലേക്ക് മാറ്റില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. അവര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കും. കടല്‍ക്ഷോഭം നേരിടുന്നതിന് ജിയോ ബാഗ് സ്ഥാപിച്ചിട്ടുണ്ട്. മഴക്കാല ദുരന്തങ്ങള്‍ നേരിടുന്നതിനായി മുന്‍കരുതല്‍ സ്വീകരിച്ചു. ഡാമുകള്‍, റഗുലേറ്ററുകള്‍, ഷട്ടറുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണ്. അവയുടെ അറ്റകുറ്റപ്പണികള്‍ക്ക് 19.29 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആര്‍.ഐ.ഡി.എഫ് പ്രകാരം 8.31 കോടി രൂപയും, റീബില്‍ഡ് കേരള പദ്ധതി പ്രകാരം 12.69 കോടി രൂപയും, കെ.എല്‍.ഡി.സിയുടെ വിവിധ പദ്ധതികള്‍ക്കായി 14.5 കോടി രൂപയും, റീബില്‍ഡ് കേരള പദ്ധതി പ്രകാരം തൃശൂര്‍ - പൊന്നാനി കോള്‍ മേഖലക്കായി 238 കോടി രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ടി.വി യും മറ്റ് സൗകര്യങ്ങളും പൂര്‍ണമായിത്തന്നെ ഏര്‍പ്പെടുത്തി. അത്തരം സൗകര്യങ്ങളില്ലാത്ത 14,862 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മുഴുവന്‍ പേര്‍ക്കും പഠന സൗകര്യം ഒരുക്കി. 4839 കുട്ടികള്‍ക്ക് മാത്രമേ പൊതു കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.

കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 89 ആയി കുറഞ്ഞു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജൂണ്‍ 30 വരെ ആളുകള്‍ എത്തുന്നത് ഇതേ തോതില്‍ തുടരും. ഉറവിടം കണ്ടെത്താത്ത കേസുകള്‍ ഒന്ന് മാത്രമേയുള്ളൂ. പ്രവാസികള്‍ തിരിച്ചെത്തിയതിനു ശേഷമുള്ള ഏഴാമത്തെ ആഴ്ചയാണിത്. ഈയാഴ്ച സമ്പര്‍ക്കമുണ്ടായാല്‍ എട്ടു മുതല്‍ 24 വരെ പുതിയ രോഗികള്‍ പ്രതിദിനം ഉണ്ടാകാമെന്ന് ഡി.എം.ഒ കെ.ജെ റീന പറഞ്ഞു.കുര്യച്ചിറ ഗോഡൗണ്‍ തുറക്കുന്നതിനുള്ള മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കി തിങ്കളാഴ്ച തൊഴിലാളി സംഘടനകള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.