വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരണത്തിന് പ്രഥമ പരിഗണന

post

കൊല്ലം : ഡിജിറ്റൈസേഷന്‍ അടക്കം വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ  മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പെരുമ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യഭാസ വകുപ്പിന്റെ ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയ 414 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഇരുനില കെട്ടിടമാണ് തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നിര്‍മിച്ചത്. വിദ്യാലയങ്ങളുടെ പശ്ചാത്തല വികസനത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. സ്മാര്‍ട് ക്ലാസ് റൂമുകള്‍, കളിസ്ഥലങ്ങളുടെ നിര്‍മാണം, കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണം തുടങ്ങി നിരവധി പദ്ധതികളാണ് വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിനായി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്.

185 ലക്ഷം രൂപയുടെ നല്ലില യു പി സ്‌കൂള്‍ പുനരുദ്ധാരണം, 227 ലക്ഷം രൂപയുടെ വെള്ളിമണ്‍ യു പി സ്‌കൂള്‍ പുനരുദ്ധാരണം, 245 ലക്ഷം രൂപയുടെ പെരിനാട് എല്‍ പി സ്‌കൂള്‍ പുനരുദ്ധാരണം അടക്കം നിരവധി പദ്ധതികളാണ് നടന്നു വരുന്നത്. ഇതിന് പുറമേ ജില്ലയില്‍ 91 കോടി രൂപയുടെ വിവധ പദ്ധതികളും ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു.  വികസനത്തിന്റെ മാനദണ്ഡങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.