ട്രൂനാറ്റ് മെഷീന്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കാന്‍ ശ്രമിക്കും - മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

കൊല്ലം:  ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍   കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഇതിനായി ജില്ലയിലെ എം എല്‍ എ മാരുടെ സഹായത്തോടെ ട്രൂനാറ്റ്  മെഷീന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.  കലക്ട്രേറ്റില്‍ നടന്ന കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മൃതദേഹങ്ങളുടെ കാര്യത്തിലും ട്രൂനാറ്റ് വഴി ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

എ ഗ്രേഡ് പഞ്ചായത്തുകളില്‍ സൗജന്യ സ്ഥാപന നിരീക്ഷണ കേന്ദ്രം ഒരെണ്ണമെങ്കിലും ഉറപ്പാക്കണം, പഞ്ചായത്ത് തലത്തില്‍ എല്ലാവര്‍ക്കും ബോധവത്കരണം നടത്തണം, കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം വന്നാല്‍ വിക്ടോറിയ ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. അനുബന്ധമായി താലൂക്ക് ആശുപത്രികളായ കൊട്ടാരക്കര, കരുനാഗപ്പള്ളി, നെടുങ്ങോലം, കുണ്ടറ എന്നിവിടങ്ങളില്‍ മാതൃസംരക്ഷണ സജ്ജീകരണങ്ങള്‍ ഒരുക്കും.

വാളകം മേഴ്‌സി ആശുപത്രിയും നെടുമ്പനയിലെ ആശുപത്രിയും കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കും. പനി, തൊണ്ടവേദന എന്നീ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഇവിടെ നിന്നും ചികിത്സ നേടാം. നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളികളെ സംബന്ധിച്ച കാര്യങ്ങളും യോഗം വിലയിരുത്തി.

യോഗത്തില്‍ എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ എം എ റഹീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ആര്‍ സന്ധ്യ, ജെ മണികണ്ഠന്‍, ഡോ ജയശങ്കര്‍, ആരോഗ്യകേരളം  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഹരികുമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.