വൈദ്യുതിയെത്തിച്ച് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി എംഎല്‍എ

post

പത്തനംതിട്ട : ഓമല്ലൂര്‍ പഞ്ചായത്തിലെ നിര്‍ധന കുടുംബത്തിന്റെ വീട്ടില്‍ വൈദ്യുതി എത്തിച്ച്  കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കി വീണാ ജോര്‍ജ് എംഎല്‍എ. കുട്ടികള്‍ക്ക് പഠനത്തിനായി ടിവിയും എംഎല്‍എ കൈമാറി. ആറന്മുള മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പത്രത്തില്‍ എംഎല്‍എ നല്‍കിയ നമ്പറില്‍ വിളിച്ചാണ് കുട്ടികളുടെ പിതാവായ മാത്തുക്കുട്ടി സഹായം അഭ്യര്‍ഥിച്ചത്. വീട് പണി പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ വൈദ്യുതി ലഭിച്ചിരുന്നില്ല. ആറിലും, നാലിലും പഠിക്കുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഉള്ള കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് എംഎല്‍എയുമായി ബന്ധപ്പെട്ടു.കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സിഐറ്റിയു വീടിന് വയറിംഗ് ചെയ്തു നല്‍കി കണക്ഷന് ആവശ്യമായ കരമടച്ച രസീതുള്‍പ്പടെ നല്‍കി വൈദ്യുതി ലഭ്യമാക്കി.

ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍,  കെഎസ്ഇബി  വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. പ്രകാശ്,  കെഎസ്ഇബി എക്സീക്യൂട്ടീവ്  എന്‍ജിനീയര്‍ കെ. സന്തോഷ്, കെഎസ്ഇബി പത്തനംതിട്ട സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ജി. ബൈജു, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ബാലകൃഷ്ണന്‍ എന്നിവര്‍ എംഎല്‍എയ്ക്കൊപ്പം എത്തിയാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്.