എൻജിനീയറിംഗ്; സംവരണ സീറ്റുകളിലേയ്ക് അപേക്ഷിക്കാം

സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളേജ് മാനേജ്‌മെന്റുകളുമായി സർക്കാർ ഏർപ്പെട്ടിട്ടുള്ള കരാറിനു വിധേയമായി സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിലെ നിശ്ചിത ശതമാനം കമ്മ്യൂണിറ്റി/രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിലേയ്ക്കം, സംസ്ഥാനത്തെ കോ-ഓപ്പറേറ്റിവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE) ന്റെ കീഴിലുള്ള സർക്കാർ കോസ്റ്റ് ഷെയറിംഗ് എഞ്ചിനീയറിംഗ് കോളേജുകളിലെ കോഴ്‌സുകളിലേക്കു സംസ്ഥാന സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ സൊസൈറ്റികൾ / ബാങ്കുകൾ/ മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെയും, ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മക്കൾക്കായി നീക്കി വച്ചിട്ടുള്ള 5 ശതമാനം സീറ്റുകളിലേയ്ക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും യോഗ്യരായ വിദ്യാർത്ഥികളെ കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ (CAP-2025) അലോട്ട് ചെയ്യും.
കമ്മ്യൂണിറ്റി/രജിസ്റ്റേർഡ് സൊസൈറ്റി, രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലെ 'KEAM 2025- Candidate Portal എന്ന ലിങ്കിലുടെ ഹോം പേജിൽ പ്രവേശിച്ച് 'Community quota / Proforma’ എന്ന മെനു ക്ലിക്ക് ചെയ്ത് കോളേജ് സെലക്ട് ചെയ്യുമ്പോൾ ലഭ്യമാകുന്ന പ്രൊഫോർമയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പിട്ട ശേഷം, ആവശ്യമായ രേഖകൾ സഹിതം ജൂലൈ 17 വൈകുന്നരം 4 മണിക്ക് മുമ്പായി അതത് കോളേജ് അധികൃതരുടെ മുമ്പാകെ ഹാജരാകണം. കോളേജുകളുടെ തരം തിരിച്ചുള്ള ലിസ്റ്റ്, വിശദ വിവരങ്ങൾ എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ നമ്പർ : 0471 -- 2332120, 2338487