കളക്ടര്‍ ഓണ്‍ലൈനില്‍; പരാതികള്‍ക്ക് പരിഹാരം

post

തിരുവനന്തപുരം : അക്ഷയസെന്ററിലെ സ്‌ക്രീനില്‍ പ്രത്യക്ഷയായ കളക്ടര്‍ നവ്‌ജ്യോത് ഖോസയോട് നേരില്‍ക്കണ്ടാലെന്നപോലെ തങ്ങളുടെ പരാതികളും ആവശ്യങ്ങളും  പങ്കുവച്ചു പൊതുജനങ്ങള്‍. പരാതികളെല്ലാം കേട്ട കളക്ടര്‍ അപ്പോള്‍തന്നെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും നിശ്ചിത ദിവസങ്ങള്‍ക്കകം അന്വേഷിച്ച് നടപടിസ്വീകരിക്കുമെന്ന് പരാതിക്കാരെ അറിയിക്കുകയും ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍  ഓണ്‍ലൈനായി നടത്തിയ അദാലത്തിലാണ് കളക്ടര്‍ ചേംബറില്‍ നിന്ന് വര്‍ക്കല താലൂക്കിലെ ആളുകളുമായി സംവദിച്ചത്.

ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ രാജന്റെ പരാതി താന്‍ നാട്ടിലില്ലായിരുന്ന സമയത്ത് രണ്ട്മുറി കട ഉള്‍പ്പെടെയുള്ള വസ്തു കൈയേറിയതു സംബന്ധിച്ചായിരുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടറോട് കളക്ടര്‍ വിശദീകരണം ചോദിക്കും. കരമനയിലുള്ള ശ്യാമളയുടെ പരാതി പിഎംഎവൈ പദ്ധതി പ്രകാരം വീട് നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നില്ല എന്നതായിരുന്നു. ഇത് പരിശോധിച്ച് രണ്ടാഴ്ച്ചയ്ക്കകം പരിഹാരം ഉണ്ടാകുമെന്ന് കളക്ടര്‍ മറുപടി നല്‍കി. അംഗന്‍വാടി വര്‍ക്കറായ ഷീജയുടെ സങ്കടം അനാരോഗ്യവാനായ തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള, ഏഴുവര്‍ഷമായ ഓടാതെ കിടക്കുന്ന മിനി ടെംപോ റവന്യൂ റിക്കവറിയില്‍ നിന്നും ഒഴിവാക്കണമെന്നതായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ റവന്യൂറിക്കവറി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും പരാതി പരോശധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും കളക്ടര്‍ ആശ്വസിപ്പിച്ചു. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ശേഷിവര്‍ധിപ്പിക്കണമെന്ന വേറിട്ട പരാതിയും ലഭിക്കുകയുണ്ടായി. ഇത്തരത്തിലുള്ള 118 പരാതികളാണ് പരാതി പരിഹാര അദാലത്തിലെത്തിയത്. പ്രധാനമായും റിസര്‍വേ, റേഷന്‍ കാര്‍ഡ് എപിഎല്ലില്‍ നിന്ന് ബിപിഎല്ലിലേക്ക് മാറ്റല്‍, വസ്തു കരം അടവ്, വൈദ്യുതി ലഭ്യമാക്കല്‍, തുടങ്ങിയ പരാതികളാണ് ലഭിച്ചത്.

വിവിധ അക്ഷയ സെന്ററുകളില്‍ നിന്നുമാണ് പരാതിക്കാര്‍ തങ്ങളുടെ ആവലാതി ഓണ്‍ലൈന്‍ ആയി കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ 10 നു വരെ ലഭിച്ച പരാതികള്‍ പരിഗണനയില്‍ വന്നു. എ.ഡി.എം വി.ആര്‍ വിനോദ്, തഹസില്‍ദാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്തു