ഗുരുവായൂരില്‍ ദര്‍ശനം ഇന്ന് മുതല്‍

post

തൃശൂര്‍ : രണ്ടര മാസത്തെ അടച്ചിടലിനുശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു (ജൂണ്‍ 9) മുതല്‍ ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച 310 പേര്‍ക്കാണ് ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുള്ളത്. ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രം ഭക്തര്‍ക്ക് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയത്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയാണ് ദര്‍ശന സമയം. ടോക്കണ്‍ നമ്പറിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡുമായി അനുവദിക്കപ്പെട്ട സമയത്തിന് 20 മിനിറ്റ് മുന്‍പ് കിഴക്കേനടയിലെ ക്യു കോംപ്ലക്സില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ദേവസ്വം വെബ്സൈറ്റായ https://guruvayurdevaswom.in/#/login മുഖേന ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് ടോക്കണ്‍ നല്‍കിയത്. ദര്‍ശന സമയവും തീയതിയും രേഖപ്പെടുത്തിയ ക്യു ആര്‍ കോഡ് അടങ്ങിയ ടോക്കണ്‍ ഇമെയില്‍ വഴി 310 പേര്‍ക്ക് ദേവസ്വം അയച്ചു. ഒരു ദിവസം പരമാവധി 600 പേര്‍ക്കാണ് പ്രവേശനം. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കെ പ്രവേശനം അനുവദിക്കൂ. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. സാമൂഹിക അകലവും മാസ്‌ക്കും നിര്‍ബന്ധമാണ്.