നഗരസഭാ പരിധിയിലെ ആരാധനാലയങ്ങള്‍ അണുവിമുക്തമാക്കി

post

തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി നഗരപരിധിയിലുള്ള ആരാധനാലയങ്ങള്‍ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. കരിക്കകം ശ്രീ ചാമുണ്ഡീ ദേവിക്ഷേത്രം , ബീമാപള്ളി , ആറ്റുകാല്‍ ഭഗവതിക്ഷേതം എന്നിവിടങ്ങളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേയര്‍ കെ.ശ്രീകുമാര്‍ നേതൃത്വം നല്‍കി. ആരാധനാലയങ്ങളില്‍ വിശ്വാസികളെ പ്രവേശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ആരാധനാലയങ്ങളുടെ ഭരണ സമിതികള്‍ക്ക് മേയര്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഐ.പി. ബിനുവിന്റെ നേതൃത്വത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, വെട്ടുകാട് പള്ളി, കണ്ണാന്തുറ പള്ളി, വെട്ടുകാട് ചെറിയപള്ളി,  ശംഖുമുഖം മാര്‍പാപ്പ പള്ളി, ശംഖുമുഖം ദേവീക്ഷേത്രം, ഉദിയന്നൂര്‍ ദേവി ക്ഷേത്രം, നന്ദാവനം മുസ്ലീം അസോസിയേഷന്‍ ഹാള്‍ എന്നിവിടങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തിയിരുന്നു. നഗരസഭയുടെ ജെറ്റര്‍ , പവര്‍ സ്പ്രേയര്‍ എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് അണുനശീകരണം നടത്തുന്നത്.