കോവിഡ് കാലത്തെ ജയിൽ വിജയഗാഥയിൽ ലാഭം 11 ലക്ഷം

post

തൃശൂർ: കോവിഡ് കാലത്ത് വിയ്യൂർ സെൻട്രൽ ജയിലിൽ മാസ്‌കും സാനിറ്റൈസറും വിറ്റ് ലഭിച്ചത് 11 ലക്ഷം രൂപ. മാസ്‌ക്, സാനിറ്റൈസർ ക്ഷാമം പരിഹരിക്കുന്നതിന് നടത്തിയ ശ്രമത്തിൽ നിന്ന് ലഭിച്ച തുക സർക്കാരിലേക്കടച്ചു.

മാർച്ച് അവസാനത്തോടെ 150 ഓളം തടവുകാരാണ് പരോൾ, ഇടക്കാല ജാമ്യം, ശിക്ഷ ഇളവു ചെയ്യൽ എന്നിവ മൂലം ജയിൽവിട്ടത്. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ക്ഷാമം പരിഹരിക്കുന്നതിന് ജയിലുകളിൽ തന്നെ ഇവ ഉൽപാദിപ്പിക്കുവാൻ ജയിൽ വകുപ്പ് മേധാവി ഋഷി രാജ് സിംഗ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിയ്യൂർ സെൻട്രൽ ജയിലിൽ ശേഷിച്ച തടവുകാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തിയത്. തുടർന്ന് ലോക്ക് ഡൗൺ രണ്ടര മാസം പിന്നിട്ടപ്പോൾ ഒന്നേകാൽ ലക്ഷം മാസ്‌കുകളാണ് ജയിലിൽ നിർമിച്ചത്. 

തുണിയിൽ മൂന്ന് പാളികളുള്ള മാസ്‌ക് കഴുകി ഇസ്തിരിയിട്ട് ഉപയോഗിക്കാം. ഇതിനുപുറമേ 2,300 ലിറ്റർ സാനിറ്റൈസറും ജയിലിൽ നിന്നും വിൽപ്പന നടത്തി. സെന്റ് തോമസ് കോളേജ് കെമിസ്ട്രി ഗവേഷണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഇവ നിർമ്മിച്ചത്. മാസ്‌ക്കിന് 15 രൂപയും 200 മില്ലി ലിറ്റർ സാനിറ്റൈസർ 100 രൂപക്കുമാണ് ജയിൽ കൗണ്ടറിൽ നിന്ന് ലഭിക്കുക.