കണ്ണൂര്‍ മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പു വരുത്തും

post

കണ്ണൂര്‍ : കണ്ണൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ ലൈന്‍ പഠനം സാധ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂര്‍ കാലത്തിനൊപ്പം വിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിളിച്ചു ചേര്‍ത്ത  വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കുന്നതിനായി സന്നദ്ധ സംഘടനകള്‍, അധ്യാപക സംഘടനകള്‍, പി.ടി.എ, റസിഡന്‍ഷ്യന്‍ അസോസിയേഷന്‍ ,വിവിധ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണം തേടും. ഒരോ സ്‌കുളും ഇതിനായി സൂക്ഷ്മതല പ്ലാനിംഗ് നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ ചുരുക്കം കൂട്ടികള്‍ക്കാണ് ഇതിനാവാശ്യമായ സഹായ പദ്ധതികള്‍ വേണ്ടത്. ഗ്രന്ഥശാലകള്‍,  അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ സാധ്യമാകുന്ന കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

കലക്ടറേറ്റില്‍ ചേര്‍ന്ന  യോഗത്തില്‍ വിദ്യാഭ്യാസ കണ്‍വീനര്‍ എന്‍ ടി  സുധിന്ദ്രന്‍ അധ്യക്ഷനായിരുന്നു. കണ്ണൂര്‍ നോര്‍ത്ത്, സൗത്ത് എ.ഇ.ഒ കെ .പി പ്രദീപന്‍, കൃഷ്ണന്‍ കറിയ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ കെ പി.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.