റോട്ടാവൈറസ് വാക്‌സിനേഷന്‍: ഡിസംബര്‍ 11 മുതല്‍

post

തൃശ്ശൂര്‍: നവജാത ശിശുക്കളിലും കുട്ടികളിലും വയറിളക്കത്തിന് പ്രധാന കാരണമാകുന്ന റോട്ടവൈറസിനെതിരായ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 11ന് നടക്കും. ജില്ലാ ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ മേയര്‍ അജിത വിജയന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. അന്നേദിവസം ജില്ലയിലെമ്പാടും വാക്‌സിന്‍ നല്‍കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

കുഞ്ഞ് ജനിച്ച് 6, 10, 14 ആഴ്ച്ചകളിലായി 3 തവണയാണ് തുള്ളിമരുന്നായി വാക്‌സിനേഷന്‍ നല്‍കുക. 1 വയസ് വരെയുള്ള കുട്ടികള്‍ക്ക് റോട്ടാവൈറസ് വാക്‌സിനേഷന്‍ നല്‍കാം. കുട്ടികളില്‍ തീവ്രമായ വയറിളക്കത്തിനും തുടര്‍ന്നുള്ള നിര്‍ജലീകരണത്തിനും പ്രധാന കാരണമാണ് റോട്ടാവൈറസ് ബാധ. 2 എം.എല്‍. അളവില്‍ വായിലൂടെയാണ് വാക്‌സിന്‍ തുള്ളി മരുന്നായി നല്‍കുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സബ്ബ ്‌സെന്ററുകള്‍ എന്നിവ വഴി ജില്ലയില്‍ ഈ പ്രായത്തിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നടത്താനാണ് ജില്ലാ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനതലത്തില്‍ ഈ വാക്‌സിനേഷന്‍ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ച് കഴിഞ്ഞു.

തദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ സഹായത്തോടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ താഴെ തട്ടില്‍ എത്തിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ താമസിക്കുന്ന മേഖലകള്‍, പട്ടികജാതി കോളനികള്‍, തീരദേശ മേഖല എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ മറ്റ് വകുപ്പുകളുടെ സഹായത്തോടെ ഒരുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ജയിലുകള്‍, സ്ത്രീകളെയും കുട്ടികളെയും പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. തികച്ചും സൗജന്യമായാണ് മരുന്ന് നല്‍കുക. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.