തളിരണിയുന്നു ജില്ലയില്‍ 200 പച്ചതുരുത്തുകള്‍ : ജില്ലാതല ഉദ്ഘാടനം മുട്ടറ മരുതിമലയില്‍ നടന്നു

post

കൊല്ലം:  ജില്ലയുടെ പച്ചപ്പ് വീണ്ടെടുക്കാന്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍  200 പച്ചത്തുരുത്തുകള്‍  യാഥാര്‍ഥ്യമാകുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  വെളിയം പഞ്ചായത്തിലെ മുട്ടറ മരുതിമലയില്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല  ഉദ്ഘാടനം  പി അയിഷാ പോറ്റി എം എല്‍ എ നിര്‍വഹിച്ചു.

പ്രകൃതിയുടെ പച്ചപ്പ് വീണ്ടെടുക്കാനുള്ള ഈ ഉദ്യമം വരും തലമുറയ്ക്ക് കൂടി മുതല്‍ക്കൂട്ടാകും. ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു. ആദ്യഘട്ടത്തില്‍ മരുതിമലയിലെ ഒരേക്കര്‍ ഭൂമിയില്‍ 2000 തൈകളാണ്  നടുന്നത്. പരിസ്ഥിതിയില്‍ അന്യംനിന്ന് പോകുന്ന അപൂര്‍വയിനം സസ്യങ്ങള്‍  മുതല്‍ ആയൂര്‍വേദ ചെടികള്‍ വരെ ഇനി ഇവിടെ പടര്‍ന്നു പന്തലിക്കും.

വെളിയം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി വഴിയാണ് നിലമൊരുക്കല്‍, തൈനടീല്‍, മൂന്ന് വര്‍ഷത്തെ പരിപാലനം എന്നിവ നടത്തുക. ഫല വൃക്ഷ തൈകള്‍,  കുറ്റിച്ചെടികള്‍, പ്രാദേശിക സസ്യങ്ങള്‍ എന്നിവയും വച്ച് പിടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍  മൂന്ന് ലക്ഷം വൃക്ഷ തൈകളാണ് വച്ച് പിടിപ്പിക്കുക. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍ അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക്, പഞ്ചായത്ത് പ്രധിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.