ലഹരിക്കെതിരെയുള്ള പോരാട്ടം കുടുംബങ്ങളില്‍ നിന്ന് തുടങ്ങണം

post

കൊല്ലം: ലഹരിക്കെതിരെയുള്ള പോരാട്ടം കുടുംബങ്ങളില്‍ നിന്ന് തുടങ്ങണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. വിമുക്തി ലഹരിവിരുദ്ധ തീവ്രയജ്ഞ പരിപാടിയില്‍ വീടുകളെ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സിഡിഎസ് മെമ്പര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കായി വിളിച്ചുചേര്‍ത്ത ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ ഒന്ന് മുതല്‍ ജനുവരി 30 വരെ നടക്കുന്ന തീവ്രയജ്ഞ പരിപാടിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണത്തിനും  തീരുമാനമായി. ഒരു വാര്‍ഡില്‍ അഞ്ച് മുതല്‍ ഏഴുപേര്‍ വരെ ഉള്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേന രൂപീകരിച്ച് വീടുകള്‍ തോറും ബോധവത്ക്കരണം നടത്തും. 

ലഹരിവിമുക്ത കേരളം എന്ന വലിയ ലക്ഷ്യത്തിനായി 62 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. 32 കോടി രൂപ നേരിട്ടും ബാക്കി പ്രചാരണ പരിപാടികള്‍ക്കുമാണ് വകയിരുത്തുന്നത്. ജില്ലയ്ക്ക് രണ്ട് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി 'ഫോക്കസ്' എന്ന പേരില്‍ ബോധവത്ക്കരണം, വിദ്യാലയങ്ങളില്‍ എന്‍സിസി, എന്‍എസ്എസ്, എസ്പിസി എന്നിവരെ പങ്കാളികളാക്കി ക്ലാസുകള്‍, സ്‌കൂള്‍സര്‍ക്കാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രതിജ്ഞ ചൊല്ലല്‍, ബാഡ്ജ് വിതരണം, ഭവന സന്ദര്‍ശനം എന്നിവ നടത്തി. ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായന, പെയിന്റിംഗ്, ഉപന്യാസം എന്നിവയില്‍ മത്സരങ്ങള്‍ നടത്തി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് ജോണ്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജെ താജുദ്ദീന്‍കുട്ടി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.