റീബില്‍ഡ് കേരള: തൃശൂര്‍ - പൊന്നാനി കോള്‍ മേഖലയില്‍ 298 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

post

തൃശ്ശൂര്‍: റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി തൃശൂര്‍ - പൊന്നാനി കോള്‍ നിലങ്ങളുടെ അടിസ്ഥാന വികസനത്തിനായി 298 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ അറിയിച്ചു. തൃശൂര്‍ കോള്‍ നിലങ്ങളിലെ 32 പ്രധാന ചാലുകളിലെ ചളിയും മണ്ണും നീക്കി ആഴവും വീതിയും കൂട്ടി, ആ മണ്ണുപയോഗിച്ച് ബണ്ടുകള്‍ ശക്തിപ്പെടുത്തും. ഇതിന് 66.8451 കോടി നീക്കി വെക്കും. കോള്‍നിലങ്ങളിലെ ഇടച്ചാലുകളുടെ ആഴവും വീതിയും കൂട്ടി ഫാം റോഡും റാമ്പും നിര്‍മ്മിക്കാന്‍ 153.56 കോടി അനുവദിക്കും. 

കോള്‍ നിലങ്ങളിലെ പെട്ടിപറ സംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കി സബ്‌മേഴ്‌സിബിള്‍ പമ്പ് സെറ്റ് സ്ഥാപിക്കാന്‍ 57 കോടി. ഇതിലൂടെ ഇരുപ്പൂകൃഷിക്ക് സാധ്യതയൊരുക്കും. നിലവില്‍ എഞ്ചിന്‍ തറകളും പമ്പ് ഹൗസുകളും ഇല്ലാത്തിടത്ത് അവ സ്ഥാപിക്കാന്‍ 14.4585 കോടി. ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റി സി.എഫ്.പി.ഡി. സംവിധാനം കൂടി ഘടിപ്പിക്കാന്‍ 3.76 കോടി. കാര്‍ഷിക യന്ത്രവത്കരണത്തിന് 2.5 കോടിയും നീക്കിവെക്കും. ആര്‍.കെ.വി.വൈ.ആര്‍.ഐ.ഡി.എഫ് പദ്ധതി പ്രകാരം കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കെ.എല്‍.ഡി.സി., കൃഷി എന്‍ജിനീയറിംഗ് വിഭാഗം, മണ്ണ് ജല സംരക്ഷണം എന്നിവയെ ഏകോപിപ്പിച്ച് കോള്‍ വികസനത്തിനായി പദ്ധതികള്‍ നടപ്പിലാക്കുന്നു.

തൃശൂര്‍ - പൊന്നാനി കോള്‍ വികസനം രണ്ടാംഘട്ടത്തിന്റെ സേവിംഗ്‌സ് തുകയായ 15.97 കോടി ഉപയോഗിച്ച് സ്ലൂയിസുകളുടെ നിര്‍മ്മാണം, ചാലുകളുടെ ആഴം കൂട്ടല്‍, ഹൈലെവല്‍ കനാല്‍ നിര്‍മ്മാണം എന്നിവയ്ക്കായി 19.57 കോടിയുടെ പദ്ധതി, തൃശൂര്‍ - പൊന്നാനി ഫേസ് മൂന്ന് പ്രകാരം 13.93 കോടിയുടെ കോള്‍ നിലങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി എന്നിവ കേരള ലാന്‍ഡ് ഡവലപിംഗ് കോര്‍പറേഷന്‍ (കെ.എല്‍.ഡി.സി.) വഴി നടപ്പിലാക്കുന്നു.

എം.എല്‍.എ. റോഡ് മുതല്‍ വിയ്യൂര്‍ പുഴയ്ക്കല്‍ പാലം വരെ തോടിന്റെ ആഴംകൂട്ടല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 10.58 കോടി രൂപയുടെ പദ്ധതിയും കെ.എല്‍.ഡി.സി. നടപ്പിലാക്കുന്നു. ആര്‍.കെ.വി.വൈ.ആര്‍.ഐ.ഡി.എഫ് പദ്ധതി പ്രകാരം 15.6 കോടി രൂപയുടെ 13 കുളങ്ങളുടെ പുനരുദ്ധാരണം പുരോഗമിക്കുന്നു. കോള്‍ നിലങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 6.70 കോടി രൂപയും അനുവദിച്ചു. ആകെ 81.7 കോടി രൂപയുടെ ആര്‍.കെ.വി.വൈ.ആര്‍.ഐ.ഡി.എഫ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കെ.എല്‍.ഡി.സി. വഴി നടപ്പിലാക്കുന്നു.

സ്‌പെഷല്‍ അഗ്രികള്‍ച്ചര്‍ സോണ്‍ പദ്ധതി പ്രകാരം 14 സബ്‌മേഴ്‌സിബിള്‍ പമ്പ് സെറ്റ് സ്ഥാപിക്കാന്‍ 1.75 കോടിയുടെ പദ്ധതി കൃഷി എഞ്ചിനീയറിംഗ് വിഭാഗം നടപ്പിലാക്കി. ആര്‍.കെ.വി.വൈ. പദ്ധതി പ്രകാരം അഞ്ച് കോടി രൂപയ്ക്ക് സബ്‌മേഴ്‌സിബിള്‍ പമ്പ് സെറ്റ് സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ഓപറേഷന്‍ ഡബിള്‍ കോള്‍ പദ്ധതി പ്രകാരം ഒരു കോടിയുടെ സബ്‌മേഴ്‌സിബിള്‍ പമ്പ് സെറ്റ്, ട്രാക്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നു.

കുട്ടാടന്‍ പാടം പുനരുദ്ധാരണത്തിനായുളള 15 കോടിയുടെ പദ്ധതിയില്‍ നാല് കോടിയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. ഏകദേശം 100 ഹെക്ടര്‍ നിലത്ത് ഇക്കൊല്ലം കൃഷി ഇറക്കാമെന്ന് പ്രതീക്ഷിക്കുന്നു. നാല് കോടി രൂപയുടെ കൊരട്ടിച്ചാല്‍ നവീകരണ പദ്ധതിയില്‍ ഒന്നര കോടി രൂപയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു. അതിരിപ്പിള്ളി ട്രൈബല്‍ വാലി പദ്ധതിയില്‍ ആകെ അനുവദിച്ച 10.01 കോടിയില്‍ 7.91 കോടി ആര്‍.കെ.ഐ പദ്ധതി രപകാരം അനുവദിച്ചതായും മന്ത്രി അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍, കോര്‍റേഷന്‍ മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് എന്നിവരും സംബന്ധിച്ചു.