ഒരു ദേശം കുളത്തെ വീണ്ടെടുത്ത കഥ

post

തൃശ്ശൂര്‍: ഒരു ദേശം ഒരു കുളത്തെ വീണ്ടെടുക്കുന്നതിന്റെ ആഹ്ലാദാരവങ്ങളാണ് മതിലകത്ത് നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. നൂറ്റാണ്ടിലധികം പഴക്കമുള്ള സ്വകാര്യ കുളത്തെ പുനരുജ്ജീവിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയതാകട്ടെ ദേശത്തെ ഗ്രന്ഥശാലയും. മതിലകം പഞ്ചായത്തിലെ കൂളിമുട്ടം നാണന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് അഞ്ചര സെന്റ് വിസ്തൃതിയില്‍ കുളം നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും മതിലകം ഗ്രാമ പഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്തോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. 

പുനര്‍ജീവന്‍ കൊടുക്കുന്നതില്‍ മാത്രമല്ല, നവീകരിക്കുന്നതിലും പുതുമ നല്‍കി. തികച്ചും പ്രകൃതി സൗഹൃദമായി ഓട് ഉപയോഗിച്ചാണ് കുളം കെട്ടിപ്പടുത്തത്. നാല് സെന്റ് വിസ്തൃതിയില്‍ ആഴം കൂട്ടി നവീകരിച്ചാണ് നിര്‍മിതി. കുളത്തിന്റെ 12 പടവുകളും പുരമേയാന്‍ ഉപയോഗിക്കുന്ന ഓടുകള്‍ ഉപയോഗിച്ചാണ് പടുത്തത്. പഴയ ഓട്ടുകമ്പനി പൊളിച്ച കാല്‍ലക്ഷം ഓടുകളാണ് പടവുകള്‍ക്കായി ഉപയോഗിച്ചത്. ഹുരുഡീസ് പാകി ബലപ്പെടുത്തിയ അടിഭാഗം ചെളി നിറയുന്നത് തടയും. സിമന്റ് നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടില്ല. ഓടുകള്‍ മത്സ്യങ്ങളുടെയും ജലജീവികളുടെ സ്വാഭാവിക പ്രജനനത്തിന് സഹായകമാവുമെന്നും ശില്‍പി സതീഷ് വള്ളത്തോള്‍നഗര്‍ പറയുന്നു. 

കൂളിമുട്ടത്തെ പ്രധാന ജലസ്രോതസുകളിലൊന്നായിരുന്നു ഈ കുളം. വിശാലമായ കുളത്തിലേക്ക് പണ്ടുകാലത്ത് അനേകം കൈത്തോടുകള്‍ വഴിയാണ് ജലം എത്തിയിരുന്നത്. കൈത്തോടുകള്‍ അപ്രത്യക്ഷമായതോടെ കുടിവെള്ള സ്രോതസ്സായിരുന്ന കുളം പിന്നീട് മത്സ്യം വളര്‍ത്തുന്ന ഇടം മാത്രമായി. നാണന്‍ സ്മാരക വായനശാലയുടെ കെട്ടിടനിര്‍മാണത്തിനായി കുളത്തിനോട് ചേര്‍ന്ന് എട്ടര സെന്റ് ഭൂമി വാങ്ങിയതാണ് കുളത്തിന്റെ വീണ്ടെടുപ്പിന് നിര്‍ണായകമായത്. ലൈബ്രറി കെട്ടിടം മൂന്ന് സെന്റിലൊതുക്കി കുളം നവീകരിക്കണമെന്ന ലൈബ്രറി പ്രവര്‍ത്തകരുടെ ആഗ്രഹം നിവേദനങ്ങളായി ജനപ്രതിനിധികള്‍ക്കരികിലും അധികാരകേന്ദ്രങ്ങളിലും എത്തി.

ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പില്‍ വഴി ജില്ലാ പഞ്ചായത്ത് നാല് ലക്ഷം രൂപയും മതിലകം പഞ്ചായത്ത് ഒരു ലക്ഷം രൂപയും അനുവദിച്ചതോടെ പദ്ധതിക്ക് ജീവന്‍ വെച്ചു. സംസ്ഥാനത്ത് ഒരു ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ആദ്യമായാണ് ഇത്തരം ശ്രമമെന്ന് നാണന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ഭാരവാഹികളായ കെ. എസ്. ശ്രീജിത്ത്, ഇ. എസ്. അമല്‍ദേവ് എന്നിവര്‍ പറയുന്നു. ഫെബ്രുവരിയില്‍ ആരംഭിച്ച നിര്‍മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. കുളത്തിന് ചുറ്റും ടൈല്‍ വിരിക്കുന്ന പ്രവൃത്തി മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. കുളത്തിലേക്ക് വെള്ളം ധാരാളമായി ഒഴുകിയെത്താനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് നിര്‍മിതി. കുളക്കടവ് സാംസ്‌കാരിക ഇടമായും ഉപയോഗിക്കാവുന്ന വിധമാണ് രൂപകല്‍പന. പുസ്തക ചര്‍ച്ചകളും സാംസ്‌കാരിക പരിപാടികളും നടത്തുന്നതിനുള്ള ചെറുവേദിയും പടവുകള്‍ക്ക് അനുബന്ധമായി ഒരുക്കും.