കയര്‍: ഉല്‍പാദന വര്‍ധനവിനൊപ്പം ഉല്‍പ്പന്ന വൈവിധ്യവും

post

ആലപ്പുഴ: കേരളം ലക്ഷ്യമിടുന്ന 40000 ടണ്‍ എന്ന ലക്ഷ്യത്തിലേക്ക് കയര്‍ ഉല്‍പാദനം എത്തുമ്പോള്‍ ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെ ആ കയറിന് വിപണി കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച്് കയര്‍ കേരള 2019ലെ 'പുത്തന്‍ ഉല്‍പന്നങ്ങളും അവയുടെ ഉപയോഗസാധ്യതകളും' സെമിനാര്‍ ചര്‍ച്ച ചെയ്തു. പരമ്പരാഗത കയര്‍ ഉല്‍പ്പന്നങ്ങളേക്കാള്‍ നൂതനമായ ഉല്‍പ്പന്നങ്ങളിലാണ് കയര്‍ മേഖല ശ്രദ്ധയൂന്നേണ്ടതെന്നും അതിന് നൂതന സങ്കേതങ്ങളും നൂതന സംരംഭകരും ആവശ്യമാണെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു.

കയര്‍ ഭൂവസ്ത്രം, നീഡില്‍ പഞ്ച്ഡ് ഫേബ്രിക്, മള്‍ച്ചിംഗ് ഷീറ്റ്, കയര്‍ കോമ്പോസിറ്റ്, ബൈന്റര്‍ലെസ് ബോര്‍ഡ്, കയര്‍ അക്വാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവയാണ് സെമിനാറില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട ഉല്‍പന്നങ്ങള്‍. ആലപ്പുഴയില്‍മാത്രം 20000 ടണ്‍ ഭൂവസ്ത്രം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള തറികള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇന്ന് ഇന്ത്യയിലെ ഭൂവസ്ത്ര കമ്പോളത്തിന്റെ 10 ശതമാനംപോലും വരില്ല കയര്‍ ഭൂവസ്ത്രം. ഇതിനു പല കാരണങ്ങള്‍ ഉണ്ടെങ്കിലും കയര്‍ ഭൂവസ്ത്രത്തിന്റെ താരതമ്യേന ഉയര്‍ന്നവില ഒരു പ്രധാന ഘടകമാണ്. കൃത്രിമനാരുകള്‍ കൊണ്ടുള്ള ഭൂവസ്ത്രം താരതമ്യേന ചെലവു കുറഞ്ഞതാണ്. യന്ത്രവല്‍ക്കരണത്തിലൂടെയും തവിട്ടു കയര്‍ ഉപയോഗിക്കുന്നതിലൂടെയും ഇന്നുള്ള വിലയുടെ പകുതി വിലയ്ക്ക് കയര്‍ ഭൂവസ്ത്രം ലഭ്യമാക്കാനാവുമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.

ആഗോളമായി വിവിധ നാരുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള നീഡില്‍ പഞ്ച്ഡ് ഫേബ്രിക്കുകള്‍ക്കുള്ള കമ്പോളം അതിവേഗത്തില്‍ വളരുന്നുണ്ട്. പക്ഷെ കൃത്രിമ നാരുകളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ കയര്‍ നീഡില്‍ പഞ്ച്ഡ് ഫേബ്രിക്കിനുള്ള ആവശ്യം ഗണ്യമായി ഉയര്‍ത്താനാകുമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. 

കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പുതയിടലിനു (മള്‍ച്ചിംഗ്) കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗമാണ് മറ്റൊന്ന്. നിലവില്‍ റബ്ബറൈസ്ഡ് കയറോ നീഡില്‍ ഫെല്‍റ്റ് ഉപയോഗിച്ചുകൊണ്ടുള്ള പുതയിടല്‍ ഷീറ്റുകളോ ആണ് ഇന്നുള്ളത്. ഭൂവസ്ത്രവും സൂക്ഷ്മജലകണിക ജലസേചനവും സംയോജിപ്പിച്ച് ഉല്‍പ്പാദനക്ഷമത ഗണ്യമായി ഉയര്‍ത്താമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിലയാണ് കയര്‍ ഭൂവസ്ത്രത്തിന്റെ പ്രചാരണത്തിന് പ്രതിബന്ധം. പ്ലാസ്റ്റിക്കിനേക്കാള്‍ നാലിരട്ടി വില വരുമെങ്കിലും അതിനേക്കാള്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകും. എങ്കിലും കയര്‍ ഭൂവസ്ത്രത്തിന്റെ വില കുറയ്ക്കാനായിട്ടില്ല. അതിനുള്ള മാര്‍ഗ്ഗം തവിട്ടു കയര്‍ ഉപയോഗിച്ചുള്ള നീഡില്‍ ഫെല്‍റ്റ് ഉല്‍പ്പാദിപ്പിക്കുക എന്നതാണെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.

പ്ലൈവുഡുമായി സംയോജിപ്പിച്ചോ അതിനു പകരമായോ ഉപയോഗിക്കാവുന്ന കയര്‍ കോമ്പോസിറ്റുകളാണ് മറ്റൊരു സാധ്യത. ഇന്ത്യയിലെ പ്ലൈവുഡ് കമ്പോളം ഇന്ന് 16,000 കോടി രൂപയുടേതാണ്. പ്രതിവര്‍ഷം 15 ശതമാനം വച്ചാണ് ഇത് വളര്‍ന്നുകൊണ്ടിരിക്കുന്നത്. മരങ്ങളുടെ വിഭവശോഷണംമൂലം പ്ലൈവുഡ് ഇന്‍ഡസ്ട്രിക്ക് ഇന്നത്തെ വളര്‍ച്ച നിലനിര്‍ത്താനാവില്ല. ഈ പശ്ചാത്തലല്‍ പ്ലൈവുഡിന് പകരം കയറിന്റെയും ചണത്തിന്റെയും കോമ്പോസിറ്റുകളുടെ ഉപയോഗം വര്‍ധിക്കേണ്ടതുണ്ട്. 

നെതര്‍ലാന്റ്‌സിലെ വാഗ്‌നിനന്‍ സര്‍വ്വകലാശാലയുടെ കണ്ടുപിടിത്തമാണ് ബൈന്റര്‍ലെസ് ബോര്‍ഡ്. ചകിരിയും ചകിരിച്ചോറും ഉയര്‍ന്ന ഊഷ്മാവില്‍ കടുത്ത സമ്മര്‍ദ്ദത്തിനു വിധേയമാക്കി ബോര്‍ഡുകളാക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യ അവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് തടിക്കു പകരമുള്ള ഉല്‍പ്പമായി ഉപയോഗിക്കാനാകും. രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതുകൊണ്ട് തികച്ചും പ്രകൃതിസൗഹൃദമാണ്. രാസപദാര്‍ത്ഥങ്ങള്‍ക്കുള്ള ചെലവ് ഇല്ലാത്തതുകൊണ്ട് പ്ലൈവുഡിനേക്കാളും പാര്‍ക്കിള്‍ ബോര്‍ഡിനെക്കാളുമെല്ലാം വില കുറവുമായിരിക്കും. അതേസമയം കരുത്തിലും വെള്ളം, തീ തുടങ്ങിയവയെ ചെറുക്കുന്നതിലും കൂടുതല്‍ മെച്ചപ്പെട്ടതുമാണ്. ഈ കണ്ടുപിടിത്തം വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്താല്‍ അത് ലോകമാസകലം അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു വഴി തെളിയിക്കും. ഇതിന്റെ ഉപജ്ഞാതാവ് ഡോ. ജാന്‍വാന്‍ ഡാം സെമിനാറില്‍ സംബന്ധിച്ചിരുന്നു. ഇതിന്റെ ലോകത്തെ ആദ്യത്തെ പൈലറ്റ് പ്ലാന്റ് ആലപ്പുഴയിലെ ഫോംമാറ്റിംഗ്‌സിന്റെ ഫാക്ടറിയില്‍ സ്ഥാപിക്കാനും തീരുമാനമായി.

ശബ്ദമലിനീകരണം കൊണ്ടുണ്ടാകുന്ന തീവ്രത കുറയ്ക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മിനറല്‍ നാരുകള്‍ മനുഷ്യന്റെ ശ്വാസകോശത്തെയും കണ്ണുകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശബ്ദമലിനീകരണം നിയന്ത്രിക്കാനായി കയര്‍ സാമഗ്രികളുടെ ഉപയോഗം പ്രസക്തമാകുന്നത്. എന്‍.സി.എം.ആര്‍.ഐ വികസിപ്പിച്ചെടുത്ത കയര്‍ അക്വാസ്റ്റിക്‌സ് സങ്കേതത്തെക്കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്തു. 

ഇത്തരം ഉല്‍പന്നങ്ങളും സങ്കേതങ്ങളും വികസിപ്പിക്കാനും വ്യാപകമാക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പങ്കിനെപ്പറ്റി മറ്റൊരു സെമിനാറിലും ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴയില്‍ സ്വന്തം പ്രയത്‌നംകൊണ്ട് ഉയര്‍ന്നുവന്ന നിര്‍മ്മാതാക്കള്‍, അഭ്യസ്തവിദ്യരായ പുതിയ തൊഴില്‍ സംരംഭകര്‍, റിമോര്‍ട്ട് കണ്‍ട്രോള്‍ഡ് തെങ്ങുകയറ്റയന്ത്രം സംവിധാനം ചെയ്യാന്‍ ശ്രമിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ കൂടിച്ചേരലായിരുന്നു ഈ സമ്മേളനം. ഇവര്‍ക്കെല്ലാം വായ്പയും സബ്‌സിഡിയും നല്‍കി പ്രോത്സാഹിപ്പിക്കുതിനുള്ള പദ്ധതി ഉണ്ടാക്കാനും തീരുമാനമായി.

എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കുവേണ്ടി കയര്‍ ഭൂവസ്ത്രം സംബന്ധിച്ച് എന്‍.സി.എം.ആര്‍.ഐ ആറു മാസത്തെ കോഴ്‌സ് നടത്താനും തീരുമാനിച്ചു. ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ കയര്‍ ഭൂവസ്ത്രത്തിന്റെ പൂര്‍ണ്ണ സേവനദാതാതാക്കളായുള്ള സംരംഭകരായി വളരുന്നതിന് ആവശ്യമായ പാക്കേജ് നടപ്പാക്കാനും തീരുമാനിച്ചു.