കോവിഡ് 19 പരിശോധനാ ഫലം, ഇനി ഒരു മണിക്കൂറിനുള്ളില്‍

post

ട്രൂനാറ്റ് മെഷീന്റെ ഉദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു

കൊല്ലം : കോവിഡ് പരിശോധന ഫലത്തിനായി ദിവസങ്ങള്‍ കാത്തിരിക്കേണ്ടതില്ല, കേവലം ഒരു മണിക്കൂര്‍ പത്ത് മിനുറ്റില്‍ ഫലം ലഭ്യമാകുന്ന ട്രൂനാറ്റ് മെഷീന്റെ പ്രവര്‍ത്തനം ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് ലാബില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മെഷീന്‍ ഉദ്ഘാടനം ചെയ്തു. പരിശോധനാ ഫലം അതിവേഗം ലഭ്യമാക്കുന്നതിലൂടെ    കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഗതിവേഗം കൈവരിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ഡി എം ഒ ഡോ ആര്‍ ശ്രീലത, ഡെപ്യൂട്ടി ഡി എം ഒ ഡോ.ജെ മണികണ്ഠന്‍, ഡോ ആര്‍ സന്ധ്യ, ഹെല്‍ത്ത് ലാബ് മെഡിക്കല്‍ ഓഫീസര്‍ ഡോ സിജി ജോസ്, മൈക്രോബയോളജിസ്റ്റ് ജെസ്സാ ജെസ്റ്റസ്, സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് സംശയിക്കുന്ന വ്യക്തിയുടെ സാമ്പിള്‍  മൈക്രോ ചിപ്പിന്റെ സഹായത്തോടെയാണ് ട്രൂനാറ്റ് മെഷീന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഓരോ പരിശോധനയിലും ഓരോ ചിപ്പാണ് ഉപയോഗപ്പെടുത്തുന്നത്. സ്‌ക്രീനിങ് ടെസ്റ്റാണ് ഇവിടെ നടക്കുന്നത്. ഫലം പോസിറ്റീവ് ആണെങ്കില്‍ കൂടുതല്‍ സ്ഥിരീകരണത്തിനായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.