അഴിയൂരില്‍ കുടുംബശ്രീ യൂണിറ്റ് വിത്ത് പേന വിപണിയിലിറക്കി

post

കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ആരോമല്‍ കുടുംബശ്രീ ആരംഭിച്ച വിത്ത് പേന നിര്‍മ്മാണ യുണിറ്റില്‍ നിന്ന് ആദ്യമായി പുറത്തിറക്കുന്ന വിത്ത് പേന തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ധരേഷന്‍ ഉണ്ണിത്താന്‍ വിപണിയിലിറക്കി. ചീര, പയര്‍, വെണ്ട, വഴുതിന എന്നിവയുടെ വിത്ത് ആണ് പേനയില്‍ ഉള്ളത്. പരിശീലനം ലഭിച്ച കുടുംബശ്രീ അംഗമായ ഷീബയാണ് വിത്ത് പേന ഉണ്ടാക്കുന്നത്. 

കുടുംബശ്രീ സി.ഡി.എസ്. അംഗം പ്രേമയുടെ സഹായത്തോടെയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി. പി. ജയന്‍, സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പെഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍ എന്നിവര്‍ സംബന്ധിച്ചു. കല്ലാമല യു.പി. സ്‌കൂള്‍, എസ്.എം.ഐ. സ്‌കൂള്‍ എന്നിവിടങ്ങളിലെ 2,000 കുട്ടികള്‍ക്ക് വിത്ത് പേന നല്‍കിക്കഴിഞ്ഞു. മണ്ണില്‍ ലയിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് പേന നിര്‍മ്മിക്കുന്നത് ഒന്നിന് അഞ്ച് രൂപയാണ് വില.