ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്

post

നിരീക്ഷണത്തില്‍ 8155 പേര്‍

തൃശൂര്‍ : ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 18 ന് രോഗം സ്ഥിരീകരിച്ച, ദമാമില്‍ നിന്നെത്തിയ കോതപ്പറമ്പ് (71) സ്വദേശിയുടെ മകന്‍ (30), മകന്റെ ഭാര്യ (24), ഒരു വയസ്സുളള കുഞ്ഞ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ദമാമില്‍ നിന്ന് മെയ് 20 ന് എത്തിയവരാണ്. ആദ്യമെത്തിയ ആള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് 20 ന് എത്തിയ കുടുംബാംഗങ്ങളെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവപരിശോധന നടത്തുകയും ചെയ്തു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ വീടുകളില്‍ 8112 പേരും ആശുപത്രികളില്‍ 43 പേരും ഉള്‍പ്പെടെ ആകെ 8155 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (മെയ് 22) നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

വെളളിയാഴ്ച (മെയ് 22) അയച്ച 64 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 1770 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1635 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 135 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 418 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

412 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (മെയ് 22) 149 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1410 പേരെയും മത്സ്യചന്തയില്‍ 1069 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 156 പേരെയും സ്‌ക്രീന്‍ ചെയ്തു.

നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുളള മലയാളികള്‍ക്കും അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്‌ക്രീനിങ്ങ് നടത്തുന്നു. നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളടങ്ങിയ ബോധവല്‍ക്കരണകിറ്റും നല്‍കുന്നുണ്ട്.

ജില്ലയിലേക്ക് ഡല്‍ഹിയില്‍ നിന്നും വന്ന 117 ട്രെയിന്‍ യാത്രക്കാരെ രജിസ്റ്റര്‍ ചെയ്ത് സ്‌ക്രീനിങ്ങ് നടത്തി അതാതു പ്രദേശങ്ങളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാള മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.