വില്‍വട്ടത്ത് തോടുകളുടെയും കാനകളുടെയും ശുചീകരണം പൂര്‍ത്തിയാകുന്നു

post

തൃശൂര്‍ : വില്‍വട്ടം മേഖലയില്‍ കാലവര്‍ഷത്തിന് മുന്നോടിയായി തോടുകളുടെയും കാനകളുടെയും ശുചീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നു. തൃശൂര്‍ കോര്‍പ്പറേഷന്റെ 55 ഡിവിഷനിലും പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നുവരികയാണ്. മുന്‍വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട പ്രളയത്തിന്റെ വെളിച്ചത്തില്‍ ഫെബ്രുവരി മാസം മുതല്‍ ആരംഭിച്ച പ്രവര്‍ത്തനം ലോക് ഡൗണ്‍ കാലഘട്ടത്തില്‍ പോലും കോവിഡ് - 19 ന്റെ മുന്‍കരുതലുകള്‍ സ്വീകരിച്ച് നടന്നുവരികയാണ്. വില്‍വട്ടം മേഖലയില്‍ വിയ്യൂര്‍ ഡിവിഷനിലെ അട്ടത്തോടും പെരിങ്ങാവ് ഡിവിഷനിലെ പാലോളി തോടും രാമവര്‍മ്മപുരം ഡിവിഷനിലെ തോടും ഗാന്ധിനഗര്‍ ഡിവിഷനിലെ ഗ്രീന്‍ പാര്‍ക്കിലെ രണ്ട് തോടുകളും കുണ്ടുവാറയിലെ രണ്ട് തോടുകളും, ഗാന്ധിനഗറിലെ പ്രധാനപ്പെട്ട തോടുകളും മ്യൂസിയം ക്രോസ് ലെയിനിലെ ഒരുതോടും ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. വില്ലടം ഡിവിഷനിലെ കമ്പോളച്ചിറ തോടും ചേറൂര്‍ ഡിവിഷനിലെ പാത്തിപ്പാലം തോടും തിരുത്ത് തോടും ഗാന്ധിനഗര്‍ ഡിവിഷനിലെ മ്യൂസിയം ക്രോസ് ലെയിനിലെ മറ്റൊരു തോടും നിലവില്‍ ശുചീകരിച്ചുകൊണ്ടിരിക്കുകയാണ്.