ആയൂര്‍വ്വേദ പ്രതിരോധ കിറ്റ് കൈമാറി

post

കണ്ണൂര്‍ : കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആയുര്‍വ്വേദ വകുപ്പ് സംസ്ഥാനാടിസ്ഥാനത്തില്‍ ആയുര്‍ രക്ഷാ ക്ലിനിക്ക് മുഖാന്തരം നല്‍കിവരുന്ന പ്രതിരോധ കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് കിറ്റ് ഏറ്റുവാങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ആശുപത്രിയില്‍ എത്തുന്നവര്‍ക്കായി മുന്‍കൂട്ടി ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10 മണി മുതല്‍ അഞ്ച് മണിവരെയായിരിക്കും ബുക്കിംഗ്. ഫോണ്‍: 0467 2706666. ഒ പിയിലെത്തുന്ന രോഗികള്‍ക്ക് 15 ദിവസത്തേക്കുള്ള മരുന്നുകള്‍ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ കാലയളവില്‍ രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഡോക്ടര്‍മാരുമായി ഫോണില്‍ സംവദിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  സാമൂഹിക അകലം പാലിക്കല്‍, ബ്രെയ്ക്ക് ദ ചെയ്ന്‍, മാസ്‌ക് എന്നീ പ്രതിരോധ മാര്‍ഗങ്ങള്‍ രോഗികള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയപാലന്‍, അംഗങ്ങളായ പി ജാനകി, അജിത്ത് മാട്ടൂല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. ടി സുധ, സെക്രട്ടറി എം എസ് വിനോദ് എന്നിവര്‍ പങ്കെടുത്തു.