ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്

post

നിരീക്ഷണത്തില്‍ 8334 പേര്‍

തൃശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച (മെയ് 21) മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 17 ന് അബുദാബിയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി (31), വേലുപ്പാടം സ്വദേശി (55), മാള സ്വദേശി (31) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ വീടുകളില്‍ 8293 പേരും ആശുപത്രികളില്‍ 41 പേരും ഉള്‍പ്പെടെ ആകെ 8334 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (മെയ് 21) നിരീക്ഷണത്തിന്റെ ഭാഗമായി 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

വ്യാഴാഴ്ച (മെയ് 21) അയച്ച 69 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 1706 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1594 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 112 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 384 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

353 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. വ്യാഴാഴ്ച (മെയ് 21) 177 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1591 പേരെയും മത്സ്യചന്തയില്‍ 1071 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 111 പേരെയും സ്‌ക്രീന്‍ ചെയ്തു.

നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുളള മലയാളികള്‍ക്കും അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്‌ക്രീനിങ്ങ് നടത്തുന്നു. നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളടങ്ങിയ ബോധവല്‍ക്കരണകിറ്റും നല്‍കുന്നുണ്ട്.

രോഗവ്യാപനം തടയുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് സീറോ പ്രിവലെന്‍സ് സര്‍വെയ്ക്കു തുടക്കം കുറിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത 10 പ്രദേശങ്ങളിലെ 40 പേരുടെ വീതം ആകെ 400 പേരുടെ രക്തസാമ്പിളുകള്‍ ആന്റിബോഡി ടെസ്റ്റിന് അയച്ചു.

ജില്ലയില്‍ നിന്നും ഝാര്‍ഖണ്ടിലേക്ക് പോകുന്ന അതിഥി തൊഴിലാളികളെ മൈഗ്രന്റ് സക്രീനിങ്ങ് ടീമിന്റെ നേതൃത്വത്തില്‍ സ്‌ക്രീന്‍ ചെയ്തു. ജില്ലയിലേക്ക് നാളെ ഡല്‍ഹിയില്‍ നിന്നും വരുന്ന ട്രെയിനില്‍ വരുന്ന യാത്രക്കാരെ രജിസ്റ്റര്‍ ചെയ്തു സ്‌ക്രീനിംഗ് നടത്തി അതാതു പ്രദേശങ്ങളില്‍ നിരീക്ഷണ സംവിധാനത്തിലേക്ക് എത്തിക്കുന്നതിന്റെ മോക്ഡ്രില്‍ നടത്തി.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെക്കുംകര മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.