ഡയാലിസിസ് യൂണിറ്റുകള്‍ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു

post

കൊല്ലം : നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയുടെ ശതോത്തര രജത ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച്  ആരംഭിച്ച 'പ്രതീക്ഷ' ഡയാലിസിസ് യൂണിറ്റിന്റെയും കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. ജി എസ് ജയലാല്‍ എം എല്‍ എ വീഡിയോ കോണ്‍ഫറന്‍സിലൂടെ അധ്യക്ഷനായി.

സംസ്ഥാന സര്‍ക്കാരിന്റെ  പദ്ധതിയിലുള്‍പ്പെടുത്തി മൂന്നു കോടി രൂപ വിനിയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായത്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ മുപ്പത് രോഗികള്‍ക്ക്  മൂന്ന് ഷിഫ്റ്റുകളായി ഡയാലിസിസ് നടത്താം. കോവിഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി പരിശീലനം ലഭിച്ച ഡോക്ടറോടൊപ്പം എട്ട് സ്റ്റാഫ് നഴ്സുമാരെയും നാല് ഡയാലിസിസ് ടെക്‌നിഷ്യന്‍മാരെയും യൂണിറ്റില്‍ നിയമിച്ചിട്ടുണ്ട്.

ജില്ലയില്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററായി തിരഞ്ഞെടുത്തിട്ടുള്ള പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റുകള്‍ക്ക് ഒരു ബാക്ക് അപ്പ് എന്ന നിലയിലാണ് ആധുനിക സജ്ജീകരണങ്ങളോടെ ദ്രുതഗതിയില്‍ ഇവിടെ യൂണിറ്റ് ആരംഭിച്ചത്. ഇതോടൊപ്പം ആശുപത്രി വളപ്പില്‍ ആരംഭിച്ച കാരുണ്യ  കമ്മ്യൂണിറ്റി ഫാര്‍മസി വഴി ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ മിതമായ നിരക്കില്‍ രോഗികള്‍ക്ക് ലഭ്യമാകും. 125 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന രാമറാവു ആശുപത്രി 1971 ലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ പി കുറുപ്പ്, വൈസ് ചെയര്‍പേഴ്സണ്‍ ആര്‍ ഷീബ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ യാക്കൂബ്, ഡി പി എം ഡോ ഹരികുമാര്‍, രാമറാവു ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ വൈ എബ്രഹാം അശോക് എന്നിവര്‍ പങ്കെടുത്തു.