പ്രളയക്കെടുതി ഒഴിവാക്കാൻ മുല്ലശ്ശേരി പഞ്ചായത്ത്

post

തൃശൂര്‍: കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രളയക്കെടുതി ഒഴിവാക്കാൻ മുല്ലശ്ശേരി പഞ്ചായത്ത് നടപടികൾ കർശനമാക്കി. ഇതിന്റെ ഭാഗമായി പാടശേഖരങ്ങളിലെ സ്ലൂയിസുകൾ തുറന്നിടാൻ പഞ്ചായത്ത് അധികാരികൾ പാടശേഖര സമിതികളോട് ആവശ്യപ്പെട്ടു. മുല്ലശ്ശേരി പഞ്ചായത്തിലെ 15 പാടശേഖരങ്ങളിലായി 1,600 ഏക്കർ വരുന്ന പടവുകളിലെ കെ എൽ ഡി സി ബണ്ടുകളിൽ സ്ഥാപിച്ച സ്ലൂയിസുകൾ പരിശോധിച്ച ശേഷമാണ് പഞ്ചായത്ത് നടപടികൾ കർശനമാക്കിയത്.

കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലെ സ്ലൂയിസുകൾ മെയ് 30ന് മുൻപ് തുറന്നിടണമെന്നാണ് രേഖാമൂലം പടവുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശേഷിക്കുന്ന പാടശേഖരങ്ങൾ കൊയ്ത്തിനു ശേഷം തുറന്നിടണം. 27 സ്ലൂയിസുകളും 21 പെട്ടിച്ചാലുകളുമാണ് പാടശേഖരങ്ങളിലുള്ളത്. ഇതിൽ പലതും അശാസ്ത്രീയമായി അടച്ച രീതിയിലാണ് കണ്ടെത്തിയത്. ഇത്തരം സ്ലൂയിസുകൾ തുറക്കാനും പാടശേഖരങ്ങളോട് ആവശ്യപ്പെടും.

പല സ്ലൂയിസുകളും വളച്ചുകെട്ടിയ നിലയിലാണ്. കനാലുകളിൽ പലയിടങ്ങളിലും മീൻപിടുത്തക്കാർ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന നിലയിൽ സ്ഥാപിച്ച വലകൾ, കുരുത്തികൾ മറ്റ് തടസ്സങ്ങൾ എല്ലാം നീക്കം ചെയ്യേണ്ടതായും അധികൃതർ കണ്ടെത്തി. പഞ്ചായത്തിലെ ഹൈലെവൽ കനാലിലേയും മുല്ലശ്ശേരി ഭാഗത്തുകൂടി കടന്നുപോകുന്ന കൊച്ചിൻ ഫ്രോന്റിയർ കനാലിലേയും തടസ്സങ്ങൾ നീക്കം ചെയ്യാനും നടപടി സ്വീകരിക്കും. വെങ്കിടങ്ങ് പഞ്ചായത്തിലെ പൊണ്ണമുത പാടശേഖരം, എളവള്ളി പഞ്ചായത്തിലെ കണിയാംതുരുത്ത് പാടശേഖരം, കാടാംതോട്, മണിച്ചാൽ, കാടച്ചാൽ സ്ലൂയിസുകൾ തുറന്നിടാനും അതാത് പഞ്ചായത്ത് അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി, വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി കെ രവീന്ദ്രൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സീമ ഉണ്ണിക്കൃഷ്ണൻ, മിനി മോഹൻദാസ്, ജനപ്രതിനിധികളായ പി കെ രാജൻ, ക്ലമന്റ് ഫ്രാൻസിസ്, ടി ജി പ്രവീൺ, കൃഷി ഓഫീസർ റിസാമോൾ സൈമൺ, പടവ് ഭാരവാഹി ഇ ഡി യേശുദാസ്, അതാത് പാടശേഖര ഭാരവാഹികൾ, കർഷകർ എന്നിവരാണ് സ്ലൂയിസുകളുടെ പരിശോധനയ്ക്ക് നേത്യത്വം നൽകിയത്.