സ്പിന്നിങ്ങ് മില്ലിൽ കാർഷിക യജ്ഞത്തിന് തുടക്കമായി

post

തൃശൂര്‍: പൊതുമേഖലാ സ്ഥാപനമായ തൃശൂർ സഹകരണ സ്പിന്നിങ് മില്ലിൽ കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭക്ഷ്യക്ഷാമം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ രൂപം നൽകിയ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. സഹകരണ മില്ലിലെ 1.5 ഏക്കർ സ്ഥലത്ത് കപ്പ, പച്ചമുളക്, മത്തൻ, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. മില്ലിലെ 300 ഓളം വരുന്ന തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന കാന്റീനിലേക്ക് ഈ വിഭവങ്ങൾ ഉപയോഗിക്കാനാകും. തൊഴിലാളികൾ തന്നെയാണ് കൃഷിയും ചെയ്യുന്നത്.

കാർഷിക പ്രവൃത്തികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ, ഹരിതകേരളം കോ-ഓർഡിനേറ്റർ ജയകുമാർ, കൃഷി ഓഫീസർ സുജിത് ഗോവിന്ദ്, മിൽ മാനേജർ അഷ്‌റഫ് പി കാദർ, ഫിനാൻസ് മാനേജർ ദിനു എസ് എസ് എന്നിവർ പങ്കെടുത്തു.