കൊല്ലം വ്യാപാരോത്സവം 2020; ബീച്ച് ഫെസ്റ്റും കാര്‍ണിവലും ഫുഡ്‌ഫെസ്റ്റും 21 മുതല്‍

post

കൊല്ലം: ബീച്ച് ഫെസ്റ്റും കാര്‍ണിവലും ഫുഡ് ഫെസ്റ്റുമായി നഗരം ഉറങ്ങാത്ത ആഘോഷങ്ങള്‍ ഒരുങ്ങുന്നു. കൊല്ലം വ്യാപാരോത്സവം 2020 എന്ന പേരില്‍ ആരംഭിക്കുന്ന ഫെസ്റ്റിവലിനാണ് ഡിസംബര്‍ 21 മുതല്‍ ജനുവരി 31 ദേശിങ്ങനാട് സാക്ഷിയാവുക. രാത്രി 12 വരെയും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളും ഫെസ്റ്റിവല്‍ ഒരുക്കുന്നുണ്ട്. 25 പവന്‍ സ്വര്‍ണമാണ് ഒന്നാം സമ്മാനം. 10, 5 പവന്‍ വീതം രണ്ടും മൂന്നും സമ്മാനങ്ങളും ഉണ്ട്. ഇതിന് പുറമേ പ്രതിവാര നറുക്കെടുപ്പും നടക്കും. 

ഫെസ്റ്റിവലിന്റെ ഭാഗമായി നഗരവും വ്യാപാര സ്ഥാപനങ്ങളും ദീപാലങ്കാരങ്ങളാല്‍ മോടിയാക്കും. ബീച്ചിലും മറ്റുമായി പ്രത്യേക വ്യാപാര സ്റ്റാളുകളും ഫുഡ് കോര്‍ട്ടുകളും ഒരുക്കും. കേക്ക് ഫെസ്റ്റും മേളയുടെ ഭാഗമായി നടക്കും. എല്ലാ സന്ധ്യകളിലും കലാമേളകള്‍ ഉണ്ടായിരിക്കും. പ്രമുഖ കലാകാരന്‍മാരുടെ സാന്നിധ്യം ഉറപ്പ് വരുത്തും. നാടന്‍ കാലമേളകളും ഗസല്‍ സന്ധ്യകളും സ്‌കിറ്റ് മത്സരങ്ങളും മേളയെ ആകര്‍ഷകമാക്കും.

ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഫുട്‌ബോള്‍, കബഡി, വോളിബോള്‍, വടംവലി മത്സരങ്ങള്‍ ഉണ്ടാവും. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകമായി മത്സരങ്ങളും ഉണ്ടായിരിക്കും. സ്‌പോര്‍ട്‌സ്, ടൂറിസം, തദ്ദേശസ്വയംഭരണം, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് ബീച്ച് ഫെസ്റ്റ് നടക്കുക.  

വ്യാപാരോത്സവവുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എം നൗഷാദ് എംഎല്‍എ, മേയര്‍ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്,ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, കാപ്പെക്‌സ് ചെയര്‍മാന്‍ പി ആര്‍ വസന്തന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സി ദേവരാജന്‍, സബ് കലക്ടര്‍ അനുപം മിശ്ര, എ സി പി പ്രതീപ് കുമാര്‍, എ ഡി എം പി. ആര്‍. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.