കാഴ്ചയില്‍ പൂര്‍ണതയുള്ളവരേക്കാള്‍ ഹൃദയ വിശാലതയുള്ളവരാണ് ഭിന്നശേഷിക്കാര്‍

post

കണ്ണൂര്‍: ആരോഗ്യമുള്ള, കാഴ്ചയില്‍ പൂര്‍ണതയുള്ളവരേക്കാള്‍ മനുഷ്യ സ്‌നേഹവും ഹൃദയ വിശാലതയുമുള്ളവരാണ് ഭിന്നശേഷിക്കാരെന്ന് പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഭിന്നശേഷി ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്. അതിനുവേണ്ടിയുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. വേണ്ട പിന്തുണയും പ്രോല്‍സാഹനവും ലഭിച്ചാല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് സാധിക്കുമെന്നതിന് നമുക്കിടയില്‍ തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്. നമ്മുടെ ചുറ്റുപാടുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരുടെ കലാ-കായിക വാസനകള്‍ക്ക് പ്രചോദനം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. കലാ മത്സരങ്ങള്‍ പോലീസ് സഭാഹാള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍, കലക്ടറേറ്റ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടന്നു. വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് ഭിന്നശേഷിക്കാര്‍ക്കുള്ള മല്‍സരങ്ങള്‍ നടത്തിയത്. കായിക മത്സരങ്ങള്‍ ഇന്ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും.

പോലീസ് സഭാ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി സുലജ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, ടി ടി റംല, കെഎഫ്ബി പ്രസിഡന്റ് ടി എന്‍ മുരളീധരന്‍, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് പി പി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.