വെള്ള കാര്‍ഡുകള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം ഇന്ന്(മെയ് 15) മുതല്‍

post

തിരുവനന്തപുരം : പൊതുവിഭാഗം എന്‍പിഎന്‍എസ്  (വെള്ള) കാര്‍ഡുകള്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ (അതിജീവന കിറ്റ്) കിറ്റ് വിതരണം ഇന്ന്(മെയ് 15 മുതല്‍ ആരംഭിക്കും.തിരക്ക് ഒഴിവാക്കുന്നതിനായി റേഷന്‍ കാര്‍ഡിന്റെ അവസാന അക്കങ്ങളുടെ ക്രമത്തിലാണ് കിറ്റ് വിതരണം നടത്തുന്നത്.പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്ക് ഇന്ന്(മെയ് 15) കിറ്റ് ലഭിക്കും.ഒന്ന്,രണ്ടില്‍  അവസാനിക്കുന്ന   കാര്‍ഡുകള്‍ക്ക് നാളെയും(മെയ് 16)മൂന്ന്,നാല്,അഞ്ചില്‍ അവസാനിക്കുന്നതിന് 18നും ആറ്,ഏഴ്,എട്ടില്‍ അവസാനിക്കുന്ന കാര്‍ഡുള്ളവര്‍ക്ക് 19നും ബാക്കിയുള്ള  എല്ലാ കാര്‍ഡുകള്‍ക്കും മെയ് 20നും സൗജന്യ കിറ്റ് ലഭിക്കും.സ്വന്തം റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് തങ്ങളുടെ വാര്‍ഡ് മെമ്പര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അടുത്തുള്ള റേഷന്‍ കടകളില്‍ സമര്‍പ്പിച്ച് അവിടെ നിന്നും  കിറ്റ് വാങ്ങാവുന്നതാണ്.മെയ് മാസത്തെ റേഷന്‍ വിഹിത വിതരണവും പുരോഗമിക്കുകയാണ്.പിഎംജികെഎവൈ പദ്ധതി പ്രകാരം മെയ് 20ന് ശേഷം മഞ്ഞ,പിങ്ക് കാര്‍ഡുകാര്‍ക്കുള്ള സൗജന്യ അരിയുടെയും കടലയുടെയും വിതരണം നടക്കും.അഞ്ച് കിലോ അരിയും ഒരു കിലോ കടലയുമാണ് ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത്.