അന്തിക്കാട് ഗ്രാമപഞ്ചായത്തില്‍ ഓപ്പറേഷന്‍ പ്രളയ പദ്ധതിക്ക് തുടക്കമായി

post

തൃശൂര്‍ : അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ പ്രളയ പ്രതിരോധ പ്രവര്‍നങ്ങള്‍ക്ക് തുടക്കമായി. ഇരു പ്രളയങ്ങളും അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളെ ദുരിതത്തിലാഴ്ത്തിയതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് പ്രളയ പ്രതിരോധത്തിന് ഓപ്പറേഷന്‍ പ്രളയ് എന്ന പദ്ധതിക്ക് ആരംഭം കുറിച്ച് പഞ്ചായത്തിന്റെ ഇടപെടല്‍.

15 അംഗങ്ങളുടെയും നേതൃത്വത്തില്‍ വാര്‍ഡുകളിലെ വെള്ളക്കെട്ടിന് കാരണങ്ങളായ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യും. വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന എല്ലാ കയ്യേറ്റങ്ങളും പൊളിച്ചുമാറ്റും. ഇതിന്റെ ഭാഗമായി അന്തിക്കാട് കെ ജി എം സ്‌ക്കൂളിന് പിറകില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന വെള്ളക്കെട്ടൊഴിവാക്കുന്നതിന് കാനയോട് ചേര്‍ന്നുള്ള അനധികൃത കല്ല് കെട്ട് പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പൊളിച്ചു മാറ്റി. 

ശ്രീരാമന്‍ചിറ, മാത്തുതോട്, എന്നിവിടങ്ങളിലെ തടസ്സങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് താന്ന്യം പഞ്ചായത്തിനും, കനാലുകള്‍, ചാലുകള്‍, എന്നിവയിലെ ചണ്ടിയും, കുളവാഴയും കാഞ്ഞാണിയിലെ പാലകഴയിലെ തടസ്സങ്ങളും യുദ്ധ കാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെഎല്‍ഡിസി അധികൃതര്‍ക്കും ഏകോപനം ആവശ്യപ്പെട്ട് തൃശൂര്‍ ജില്ല കളക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സന്‍ പറഞ്ഞു. ജലഗമന പാതകള്‍ക്ക് തടസ്സമായി നില്‍ക്കുന്നതൊന്നും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.