തൃശൂര്‍-മലപ്പുറം അതിര്‍ത്തി പങ്കിട്ട് പുതിയ തോട്

post

തൃശൂര്‍ : തൃശൂര്‍-മലപ്പുറം അതിര്‍ത്തി പങ്കിടുന്ന പുന്നയൂര്‍ക്കുളം ചെറായി പാടശേഖരത്തില്‍ പുതിയ തോടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷിയാവശ്യങ്ങള്‍ക്കുള്ള തോട് നിര്‍മ്മാണം. കൃഷിക്ക് ആവശ്യമായ വെള്ളം സംഭരിക്കാന്‍ വേണ്ടി മാത്രമല്ല, അവശ്യമനുസരിച്ച് വെള്ളം കൂട്ടാനും കുറയ്ക്കാനും കഴിയുമെന്നതാണ് ഈ തോടിന്റെ പ്രത്യേകത. പുതിയ തോട് നിര്‍മ്മാണത്തിലൂടെ മലപ്പുറം പാടശേഖരത്തിലേയും തൃശൂര്‍ പാടശേഖരത്തിലേയും തോടുകള്‍ ബന്ധപ്പെടുത്തിയത് വഴി നീരൊഴുക്ക് കൂടുതല്‍ സുഗമമാകും.

ചെറായി പെരിഞ്ചാല് വരെയുണ്ടായിരുന്ന തോടാണ് മലപ്പുറം പാടശേഖരത്തിലെ തോടിന്റെ പടിഞ്ഞാറ് അതിര്‍ത്തിയിലേക്ക് കൂടി നീട്ടിയത്. 500 മീറ്റര്‍ നീളത്തില്‍ 2 മീറ്റര്‍ വീതിയിലാണ് പുതിയ തോട് നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ തന്നെ മറ്റ് പല തോടുകളും ഇത്തരത്തില്‍ യോജിപ്പിച്ചിട്ടുണ്ടെന്നും ഇത് വഴി ജലലഭ്യത കുറവായിരുന്ന പ്രദേശങ്ങളിലെ കര്‍ഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധിക്കുമെന്നും പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് അറിയിച്ചു. തോട് നിര്‍മ്മാണം വിലയിരുത്താന്‍ പഞ്ചായത്ത് പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. പാടശേഖര ഭാരവാഹികളും നാട്ടുകാരും സന്നിഹിതരായിരുന്നു. വരും വര്‍ഷങ്ങളില്‍ ആശങ്കയില്ലാതെ മുഴുവന്‍ പ്രദേശങ്ങളിലും കൃഷിയിറക്കാനും മികച്ച വിള ലഭിക്കാനും ഈ പദ്ധതി വഴി കര്‍ഷകര്‍ക്ക് സാധിക്കും.