കുരുന്നിലകൃഷി അടുക്കളത്തോട്ടം കാമ്പയിനുമായി കുടുംബശ്രീ

post

തൃശൂര്‍: മൈക്രോ ഗ്രീന്‍ അടുക്കളത്തോട്ടം കാമ്പയിനുമായി കുടുംബശ്രീ ജില്ലാ മിഷന്‍. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടിനകത്ത് തന്നെ ഒതുങ്ങി ഇരിക്കുന്ന ഈ സമയത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ കാഴ്ചവച്ചത്.ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിന് പുതിയൊരു മാതൃക സൃഷ്ടിക്കുന്നതിനും കുടുംബശ്രീ തുടക്കം കുറിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ഇലക്കറികള്‍ക്ക് വലിയ പങ്കുണ്ട്. പ്രത്യേകിച്ചും കുരുന്നിലകള്‍ക്കും (മൈക്രോ ഗ്രീന്‍സ്), വിത്ത് മുളപ്പിച്ച ഉടനെയുള്ള ബീജങ്കുരങ്ങള്‍ക്കും. സാധാരണ ഇലക്കറികളില്‍ ഉള്ളതിനേക്കാള്‍ പ്രോട്ടീന്‍, അമിനോ അമ്ലങ്ങള്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, ലവണങ്ങള്‍, അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങി മനുഷ്യശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്‌തെടുക്കാന്‍ കഴിയുന്ന ഒട്ടനവധി സൂക്ഷ്മ മൂലകങ്ങളുടെ കലവറ കൂടിയാണ് മൈക്രോ ഗ്രീന്‍സ് അഥവാ കുരുന്നിലയും ബീജാങ്കുരവും.അധികം ചിലവില്ലാതെ വീട്ടില്‍ ഇരുന്ന് മൈക്രോ ഗ്രീന്‍ കൃഷി ചെയ്ത് സ്വയം പ്രതിരോധശേഷി വളര്‍ത്തിയെടുക്കും.

ട്രേയും കുറച്ച് കോട്ടന്‍ തുണിയും അല്ലെങ്കില്‍ ടിഷ്യു പേപ്പറും ഉണ്ടെങ്കില്‍ അടുക്കളയില്‍ തന്നെ മൈക്രോ ഗ്രീന്‍സ് വളര്‍ത്തിയെടുക്കാം. പോഷകസമൃദ്ധമായ ഇലക്കറികള്‍ നമ്മുടെ ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തി രോഗ പ്രതിരോധശേഷി വളര്‍ത്തിക്കൊണ്ട് കോവിഡ് പ്രതിരോധിക്കുക എന്നതാണ് ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ചെറുപയര്‍, വന്‍പയര്‍, കടല, മുതിര, കടുക്, ഉലുവ തുടങ്ങിയവയും മത്തന്‍, വെള്ളരി, ചീര വിത്തുകളും ഇതിനുപയോഗിക്കാം. വിത്ത് കഴുകി 12 മണിക്കൂര്‍ കുതിര്‍ത്തശേഷം ട്രേയില്‍ തുണി നനച്ച് വിരിച്ച് അതില്‍ വിത്തുപാകി മൂടി ഇടുന്നു. നാല്, അഞ്ചു ദിവസത്തെ വളര്‍ച്ചയ്ക്ക് ശേഷം വിളവെടുത്ത് നല്ല തോരന്‍ ഉണ്ടാക്കി ഉപയോഗിക്കാം. കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസറും വെജിറ്റബിള്‍ സയന്‍സ് വകുപ്പ് മേധാവിയുമായ ഡോ പ്രദീപ് കുമാറാണ് ഈ ക്യാമ്പയിനാണ് ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കുന്നത്. ഈ കൊറോണകാലത്ത് മൈക്രോ ഗ്രീന്‍ ക്യാമ്പയിന്‍ ജില്ലയിലെ 24698 അയല്‍ക്കൂട്ടങ്ങളിലുള്ള നാലുലക്ഷത്തോളം അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.