ഗവ. ദന്തൽ കോളേജിന് ആരോഗ്യ സുരക്ഷ ഉപകരണങ്ങളുമായി ഫാബ്‌ലാബ്

post

തൃശൂർ: ഗവ. ദന്തൽ കോളേജിനാവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫാബ്‌ലാബ്. ദന്തൽ കോളേജ് ഡോക്ടർമാർക്കാവശ്യമായ പേഷ്യന്റ് കേജ്, എയറോസോൾ കണ്ടയിൻമെന്റ് ലേയ്ത് ബോക്സ്, ഫെയ്സ് ഷീൽഡ് എന്നീ ഉപകരണങ്ങളാണ് ഗവ. എൻജിനീയറിങ് കോളേജ് ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി മേരി വർഗീസിന് കൈമാറിയത്. തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ ഫാബ്‌ലാബ് രൂപകൽപ്പന ചെയ്ത ഉപകരണങ്ങളാണിവ.

രോഗികളുമായി കൂടുതൽ അടുത്ത് ഇടപഴകേണ്ടി വരുന്ന വിഭാഗങ്ങളിൽ ഒന്നാണ് ദന്തൽ വിഭാഗം. ഡോക്ടർമാർ രോഗികളെ പരിശോധിക്കുമ്പോൾ അസുഖം പകരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ രോഗികളെ പൂർണമായും മൂടുന്ന രീതിയിലുള്ള ട്രാൻസ്പെരന്റ് ഷീറ്റ് കൊണ്ടാണ് ഈ കൂട് നിർമ്മിച്ചിട്ടുള്ളത്. ഒരു പിവിസി ഷീറ്റ് കവറിംഗ് രോഗി കിടക്കുന്ന സീറ്റിന് മുകളിൽനിന്നും രോഗിയെ പൂർണമായും മൂടും. പിവിസി ഷീറ്റിൽ ഇട്ടിരിക്കുന്ന വിടവിലൂടെ ഡോക്ടറുടെ കൈകൾ രോഗിയിലേക്ക് എത്തുന്നത് സാധ്യമാക്കുന്നു. ഏയറോസോൾ കൂടിന് അകത്തുതന്നെ നിലനിൽക്കും.

പരിശോധന കഴിഞ്ഞ രോഗി പുറത്തുപോയാൽ ഈ ഷീറ്റുകൾ ഫ്രെമിൽ നിന്നും അടർത്തി ഏതെങ്കിലും സാനിറ്റൈസിംഗ് ദ്രാവകത്തിൽ കഴുകി വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമേ കൂടിനകത്ത് കാല് കൊണ്ട് ഉപയോഗിക്കാവുന്ന രീതിയിലുള്ള സാനിറ്റൈസർ യൂണിറ്റും ഘടിപ്പിച്ചിട്ടുണ്ട്. മിസ്റ്റ് സ്പ്രേ രൂപത്തിൽ സാനിറ്റേഷൻ സാധ്യമാകുന്നു. 1,500 രൂപയാണ് ഈ ഉപകരണത്തിന്റെ വില.

ലേയ്തിൽ സെറ്റ് പല്ലുകൾ, പല്ലിൽ ഇടുന്ന കമ്പികൾ എന്നിവ കയ്യിൽ എടുത്ത് വേണ്ട രൂപമാറ്റമോ മൂർച്ച കൂട്ടലോ ചെയ്യുമ്പോൾ അണുബാധ ഏൽക്കാനുള്ള സാധ്യത കുറയ്ക്കാനായി എയ്‌റോസോൾ കണ്ടെയ്ൻമെന്റ് ബോക്‌സും നിർമ്മിച്ചിരിക്കുന്നു. എയ്‌റോസോൾ ബോക്സിനകത്തുള്ള ദ്വാരത്തിലൂടെ കൈകടത്തി ഡോക്ടർമാർക്ക് പരിശോധന നടത്താനും ബോക്സിനകത്ത് നിറയുന്ന അണുക്കളെ സാനിറ്റൈസ് ചെയ്യാനും സാധിക്കുന്നു. ഇതിന് പുറമെ 35 ഫേഷ്യൽ ഷീൽഡുകളും കൈമാറി. ഈ ഷീൽഡുകൾ മലിനീകരിക്കപ്പെട്ട വായുവിൽ നിന്നും സംരക്ഷണം നൽകുന്നു.

മെഡിക്കൽ കോളേജിന് എയ്‌റോസോൾ ബോക്സുകളും, കോവിഡ് വിസ്‌ക്ക്, സാനിറ്റൈസർ കുഞ്ഞപ്പൻ, ദന്തൽ കോളേജിന് പെഡൽ ഓപ്പറേറ്റിംഗ് സാനിറ്റൈസർ യൂണിറ്റ് എന്നിവ നിർമ്മിച്ച് നൽകിയ ഗവ. എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകൻ അജയ് ജെയിംസ് വിദ്യാർത്ഥികളായ സൗരവ് പി എസ്, അശ്വിൻ കുമാർ, ചെറിയാൻ ഫ്രാൻസിസ്, പ്രണവ് ബാലചന്ദ്രൻ എന്നിവരാണ് ഇതിന്റെ പിന്നിലും പ്രവർത്തിച്ചത്. കെ ജി ഒ എയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങൾ നിർമ്മിക്കുന്നത്.