കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ക്ക് പാസ് വേണം, ക്രമീകരണങ്ങളായി

post

തിരുവനന്തപുരം : രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള പാസിന് അപേക്ഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. റെയില്‍വേയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുഖേന ടിക്കറ്റ് എടുക്കുന്നവര്‍ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനു വേണ്ടി 'കോവിഡ്19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷിക്കണം.

ഇതിനകം ഏതുമാര്‍ഗം വഴിയും അപേക്ഷിച്ചവര്‍ അത് റദ്ദാക്കി റെയില്‍ മാര്‍ഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിനപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാന്‍ സൗകര്യമുണ്ടാകും.ഒരേ ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പി.എന്‍.ആര്‍ നമ്പര്‍ എന്നിവ 'കോവിഡ്19 ജാഗ്രത' വഴി രേഖപ്പെടുത്തണം.

കേരളത്തില്‍ ഇറങ്ങുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ കമ്പ്യൂട്ടര്‍ വഴി വിശദാംശങ്ങള്‍ പരിശോധിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവര്‍ നിര്‍ബന്ധിത 14 ദിവസ ഹോം ക്വാറന്റയിനില്‍ പ്രവേശിക്കണം. ഹോം ക്വാറന്റയിന്‍ പാലിക്കാത്തവരെ നിര്‍ബന്ധമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ മാറ്റും. രോഗലക്ഷണങ്ങളെ ഉള്ളവരെ തുടര്‍പരിശോധന നടത്തും.

റെയില്‍വേ സ്റ്റേഷനില്‍നിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഇത്തരം വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവര്‍ ഹോം ക്വാറന്‍യിന്‍ സ്വീകരിക്കുകയും വേണം.

റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. ആള്‍ക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും.

കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍(https://covid19jagratha.kerala.nic.in/)പാസിനപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ പോകേണ്ടി വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.