പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു

post

തൃശൂര്‍ : കോവിഡ് കെയര്‍ സെന്ററുകള്‍ സ്ഥിതി ചെയ്യുന്ന 13 ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെ യോഗം കളക്ട്രേറ്റില്‍ ചേര്‍ന്നു. അതാത് പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ച് സെക്രട്ടറിമാര്‍ യോഗത്തില്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്കാണ് കോവിഡ് കെയര്‍ സെന്ററുകളുടെ ചുമതല. 650 പേരെ ക്വറന്റൈന്‍ ചെയ്യാന്‍ സൗകര്യമുള്ള കെയര്‍ സെന്ററുകളില്‍ ഇപ്പോള്‍ 240 പേര്‍ നിരീക്ഷണത്തിലുണ്ട്. ഓരോ കെയര്‍സെന്ററുകളും തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശാവര്‍ക്കര്‍, വളണ്ടിയര്‍മാര്‍, കെയര്‍ടേക്കര്‍മാര്‍ തുടങ്ങിയവര്‍ സഹായത്തിനുണ്ടാകും. കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടല്‍ കെയര്‍ സെന്ററുകളില്‍ ഭക്ഷണം നല്‍കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഈ കെട്ടിടങ്ങളില്‍ ഒരുക്കി. ഭക്ഷണം, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളും പഞ്ചായത്ത് തലത്തില്‍ നല്‍കുന്നു. കോവിഡ് കെയര്‍ സെന്ററുകളില്‍ ഭക്ഷണം നല്‍കുന്നതിനായി സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 13 ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട്ര് പി ടി പ്രസാദ്, സീനിയര്‍ സൂപ്രണ്ട് പി എന്‍ വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.