വിദേശ മലയാളികളുടെ മടങ്ങിവരവ്; കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്ന് എത്തും

post

കണ്ണൂര്‍ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രവാസികളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന്(മെയ് 12) എത്തും. ദുബായില്‍ നിന്നുള്ള 180 ഓളം യാത്രികരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് വൈകിട്ട് 7.10നാണ് എത്തുക. ഇവരെ കൊണ്ടുവരുന്നതിനുള്ള വിമാനം ഇന്ന് രാവിലെ 10.30ന് കണ്ണൂരില്‍ നിന്ന് യാത്ര തിരിക്കും.കണ്ണൂരില്‍ നിന്നുള്ള 109 പേര്‍ക്ക് പുറമെ, കാസര്‍കോട്-47, കോഴിക്കോട്- 12, മലപ്പുറം-7, മാഹി- 3, വയനാട്-1, തൃശൂര്‍-1 എന്നിങ്ങനെ 180 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം, പൊലിസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സഹകരിച്ച് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നതെന്ന് കിയാല്‍ എംഡി വി തുളസീദാസ് പറഞ്ഞു. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ വീടുകളിലേക്കും അല്ലാത്തവരില്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും അയക്കുന്നതിനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തും. എയറോഗ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും. ഇവരുടെ എമിഗ്രേഷന്‍ നടപടികള്‍ക്കായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇതിനു ശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലെത്തിക്കും.

മറ്റു യാത്രക്കാരെ പതിവ് പരിശോധനകള്‍ക്കു ശേഷം ഓരോ ജില്ലയ്ക്കുമായി ഒരുക്കിയ പ്രത്യേക ഇരിപ്പിടങ്ങളിലേക്ക് മാറ്റും. ഇവിടെ നിന്ന് വീടുകളിലും ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളില്‍ യാത്രയാക്കും. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തിലാണ് യാത്ര തിരിക്കുക. സ്വന്തമായി വാഹനം ഏര്‍പ്പാട് ചെയ്യാത്തവര്‍ക്ക് പെയ്ഡ് ടാക്സി സൗകര്യവും എയര്‍പോര്‍ട്ടില്‍ ലഭ്യമാണ്.

യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.തിരികെയെത്തുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ക്വാറന്റൈനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും 10 കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പുതിയ സിം കാര്‍ഡ് എടുക്കുന്നതിനും പഴയവ ആക്ടിവേറ്റ് ചെയ്യുന്നതിനും ബിഎസ്എന്‍എല്ലിന്റെ പ്രത്യേക കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.വിമാനയാത്രക്കാരുമായും അവരുടെ ബാഗേജുകളുമായും ഇടപെടുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.  

അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായി ഇന്നലെ വിമാനത്താവളത്തില്‍ നടത്തിയ ട്രയല്‍ റണ്ണിന് സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അഭിലാഷ്, കിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി ജോസ്, കിയാല്‍ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ താരിഖ് ഹുസൈന്‍ ഭട്ട്, സീനിയര്‍ മാനേജര്‍ ഓപ്പറേഷന്‍സ് രാജേഷ് പൊതുവാള്‍, സിഎസ്ഒ എംവി വേലായുധന്‍, സിഎസ്‌ഐഎഫ് കമാന്റന്റ് സി എസ് ഡാനിയേല്‍ ധന്‍രാജ്, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ടി അജയ് കുമാര്‍, ചീഫ് എമിഗ്രേഷന്‍ ഓഫീസര്‍ സന്തോഷ് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.