വിദ്യാലയം പ്രതിഭകളോടൊപ്പം; അറിവുകള്‍ പങ്കുവച്ച് കലക്ടറും വിദ്യാര്‍ഥികളും

കൊല്ലം: ചോദ്യങ്ങള്‍ ചോദിച്ച് വിദ്യാര്‍ഥികള്‍, അറിവുകള്‍ പങ്കുവച്ച് കലക്ടര്‍. വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായാണ് മുഖാമുഖം നടന്നത്. ഡോ. വയലാ വാസുദേവന്‍പിള്ള മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ട് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറുമായി സംവദിക്കാന്‍ കലക്‌ട്രേറ്റില്‍ എത്തിയത്. കലക്ടറുടെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് അറിയുന്നതിനോടൊപ്പം അദ്ദേഹം വളര്‍ന്നുവന്ന സാഹചര്യത്തെക്കുറിച്ചും സിവില്‍ സര്‍വീസിലേക്ക് എത്താനുള്ള കാരണങ്ങളെക്കുറിച്ചും കുട്ടികള്‍ ചോദിച്ചറിഞ്ഞു.
സാമ്പത്തിക പരിമിതികള്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക് എത്തുന്നതിന് തടസമാണോയെന്ന ചോദ്യത്തിന് പൈസ കൊടുത്തു വാങ്ങേണ്ട ഒന്നല്ല എന്നായിരുന്നു കലക്ടറുടെ മറുപടി. നന്നായിട്ട് പരിശ്രമിക്കുകയും സാമൂഹത്തെ അറിയാനുമാകണം. സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളര്‍ന്നുവരികയും വേണമെന്ന് കലക്ടര്‍ പറഞ്ഞു.
സിവില്‍ സര്‍വീസ് പരീക്ഷ പാസായതിനുശേഷം ലഭിച്ച പരിശീലനങ്ങളെക്കുറിച്ചും ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും കലക്ടര്‍ പങ്കുവെച്ചു. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്താന്‍ കഴിയണം. ലഹരി മരുന്നുകളുടെ ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ഥി സമൂഹത്തെ പിന്തിരിപ്പിക്കുന്നതിന് ഓരോ വിദ്യാര്‍ഥിയും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്. സോമരാജ്, അധ്യാപകരായ എം. ജി. ഗീതാകുമാരി, എന്‍. സുധ, സിബിന്‍ തുടങ്ങിയവരും മുഖാമുഖത്തില്‍ പങ്കെടുത്തു.