സഞ്ചരിക്കുന്ന ആശുപത്രിയുമായി പൊയ്യ ഗ്രാമ പഞ്ചായത്ത്

post

തൃശൂര്‍ : സഞ്ചരിക്കുന്ന ആശുപത്രി സൗകര്യവുമായി പൊയ്യ ഗ്രാമ പഞ്ചായത്ത്. ലോക്ക് ഡൌണ്‍ സമയത്ത് വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് മരുന്ന് ഇനി വീട്ടിലെത്തും. വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ സഞ്ചരിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോക്ടറും നേഴ്സും അടങ്ങുന്ന സംഘം ഓരോ വാര്‍ഡിലുമെത്തി ആവശ്യക്കാര്‍ക്ക് വേണ്ട മരുന്നും പരിചരണവും നല്‍കും. പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ അറുപതു വയസിന് മുകളിലുള്ളവര്‍ക്കാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സഹായം കൂടുതല്‍ ഉപകാരപ്പെടുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം എന്ന രീതിയില്‍ എല്ലാ വാര്‍ഡുകളിലും സഞ്ചരിക്കുന്ന ആശുപത്രി എത്തും. ഒരു ദിവസം രണ്ടു വാര്‍ഡുകളില്‍ ഡോക്ടറും നേഴ്സുമാരും അടങ്ങുന്ന സംഘമെത്തി പരിശോധന നടത്തും. ഹോളി ഗ്രേസ് അക്കാദമി യാണ് ആശുപത്രിയ്ക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുള്ളത്. മരുന്ന് വാങ്ങുന്നതിന് വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ രണ്ടര ലക്ഷം അനുവദിച്ചു. പഞ്ചായത്തിലെ 15 വാര്‍ഡുകളിലും ചികിത്സാ സൗകര്യമൊരുക്കുകയാണ് സഞ്ചരിക്കുന്ന ആശുപത്രികൊണ്ട് ലക്ഷ്യമിടുന്നതെന്ന് എം എല്‍ എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹെന്‍സി ഷാജു, സരോജ വേണു ശങ്കര്‍, പഞ്ചായത്ത് അംഗങ്ങളായ സജിത ടൈറ്റസ്, രാധിക സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.