കോവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം തുടരണം-മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

കൊല്ലം : കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ഒരുമയോടെ നടത്തിയ പ്രവര്‍ത്തനം തുടരണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനം ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവണം. ജില്ലയിലെത്തിയ പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണെന്നും അവരുടെ താമസവും നിരീക്ഷണവും കുറ്റമറ്റതാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെത്തിയ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ കലക്ട്രേറ്റില്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.

നിരീക്ഷണത്തില്‍ പോകുന്നവര്‍ നിശ്ചിത ദിവസം കഴിഞ്ഞാലും കുറച്ചുനാള്‍ കൂടി ജാഗ്രത തുടരണം. ഏറെ നാളുകള്‍ക്ക് ശേഷം കോവിഡ് പോസിറ്റീവായവരുടെ അനുഭവം മുന്‍നിര്‍ത്തിയാണ് ഇത് പാലിക്കാന്‍ നിര്‍ദേശിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ചുമതലപ്പെട്ട ഒരാളിന്റെ സേവനം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജില്ലയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വിശദീകരിച്ചു. മേയര്‍ ഹണി ബഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, സെക്രട്ടറി എ .എസ് അനുജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ഡെപ്യൂട്ടി ഡി എം ഒ  ഡോ സി ആര്‍ ജയശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.