കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

post

തിരുവനന്തപുരം : കൊറോണ കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കാനും കെയര്‍ സെന്ററുകളിലെ സാഹചര്യങ്ങളുമായി പരമാവധി പൊരുത്തപ്പെട്ട് പോകാനും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൂടെ വരുന്ന കുടുംബാംഗങ്ങളെ ഹോം ക്വാറന്റീനില്‍ വിടുകയാണെങ്കില്‍ അവരോടൊപ്പം പോകാന്‍ ശാഠ്യം പിടിക്കാതെ സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിക്കുക. കൂട്ടം കൂടി നില്‍ക്കുകയോ മുറിയില്‍ നിന്നും പുറത്തിറങ്ങുകയോ ചെയ്യരുത്.മറ്റ് മുറികളില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. തുണി മാസ്‌ക് അല്ലെങ്കില്‍ തൂവാല നിര്‍ബന്ധമായും ധരിക്കണം. ഒരു മാസ്‌ക് ആറു മണിക്കൂര്‍ മാത്രം ഉപയോഗിക്കുക.

ഡിസ്പോസിബിള്‍ മാസ്‌ക്,ടിഷ്യു,ഭക്ഷണ അവശിഷ്ടങ്ങള്‍ തുടങ്ങിയവ പുറത്തേക്ക് വലിച്ചെറിയാതെ അതാത് സാധനങ്ങള്‍ ഇടാനുള്ള പാത്രങ്ങളില്‍ മാത്രം നിക്ഷേപിക്കുക.മറ്റെന്തെങ്കിലും അസുഖത്തിനു മരുന്ന് കഴിക്കുന്നവര്‍ അത് മുടങ്ങാതെ കഴിക്കണം.നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍,പാത്രങ്ങള്‍, വസ്ത്രങ്ങള്‍,പത്രമാസിക,പുസ്തകം,ല ഘു ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ മറ്റാരുമായും പങ്കു വയ്ക്കരുത്.തോര്‍ത്ത്, വസ്ത്രങ്ങള്‍, പാത്രങ്ങള്‍,മുതലായവ ബ്ലീച്ച് ലായിനി ഉപയോഗിച്ച് സ്വയം വൃത്തിയാക്കണം. ശുചിമുറികളും ഉപയോഗശേഷം ബ്ലീച്ച് ലായനി ഉപയോഗിച്ച് സ്വയം വൃത്തിയാക്കണം.

ജനലുകള്‍ വഴി തുപ്പരുത്.ടോയ്‌ലറ്റില്‍ പോയി തുപ്പാന്‍ കഴിയാത്തവര്‍ വായു കടക്കാത്ത അടപ്പുള്ള പാത്രത്തില്‍ തുപ്പി പിന്നീട് ബ്ലീച്ച് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി ടോയ്‌ലറ്റില്‍ നിക്ഷേപിക്കുക.നിരീക്ഷണത്തില്‍ ഉള്ളവര്‍ നന്നായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും ചെയ്യണം.പനി തുമ്മല്‍ തൊണ്ടവേദന ചുമ ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ കെയര്‍ടേക്കറെയോ കോള്‍ സെന്റര്‍ നമ്പരായ 1077ലോ ദിശ നമ്പരായ 1056/04712552056ലോ വിളിച്ച് വിവരം അറിയിക്കുക.മാനസികസമ്മര്‍ദ്ദം അനുഭവപ്പെട്ടാല്‍ 9846854844 എന്ന നമ്പരില്‍ ബന്ധപ്പെട്ട് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമിനെ വിവരമറിയിക്കുക.