ജില്ലയില്‍ ഇന്ന് പ്രവാസികളെത്തും; ഒരുക്കങ്ങള്‍ പൂര്‍ണം

post

തിരുവനന്തപുരം : ഇന്ന് (മെയ് 10) രാത്രി 10.45 ന് ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 182 പേര്‍ തിരുവനന്തപുരത്തെത്തും. ഇവരെ സ്വീകരിക്കാനുള്ള സജജീകരണങ്ങള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ 11ന് അവസാന വട്ട ഒരുക്കങ്ങളുടെ ഭാഗമായി മോക്ഡ്രില്‍ നടത്തും. പ്രധാനമായും തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് യാത്രക്കാര്‍. എയര്‍പോര്‍ട്ടിലെ പരിശോധനകള്‍ക്കു ശേഷം ഇവരെ ബന്ധപ്പെട്ട ജില്ലകളിലെത്തിച്ച് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. വേഗത്തില്‍ ശരീരോഷ്മാവ് കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ഫെയ്സ് ഡിറ്റക്ഷന്‍ ക്യാമറ എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചു. ആരോഗ്യ പരിശോധന നടത്തി രോഗലക്ഷണമില്ലെന്ന് ഉറപ്പായാല്‍ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഇതിനായി വിമാനത്താവളത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചു. രോഗലക്ഷണങ്ങളുള്ളവരെ ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കും. ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ കെ.എസ്.ആര്‍.ടി.സി.ബസില്‍ പോലീസ് അകമ്പടിയോടെ ബന്ധപ്പെട്ട ജില്ലയിലെ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും. തുടര്‍ന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചുള്ള നിരീക്ഷണ കാലം പൂര്‍ത്തിയാക്കണം. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവര്‍ എയര്‍ പോര്‍ട്ടിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.