5000 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കും

post

തിരുവനന്തപുരം : സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിലെ 5000 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി-മൃഗസംരക്ഷണം-വ്യവസായം-സഹകരണം-മത്സ്യ വകുപ്പുകളെ ഏകോപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നെല്‍കൃഷി, പച്ചക്കറികൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സഹകരണ ബാങ്കുകള്‍, വോളന്റിയര്‍ സേന, കാര്‍ഷിക വികസന സമിതികള്‍, കര്‍ഷക സംഘടനകള്‍ എന്നിവരെ പദ്ധതിയുടെ ഭാഗമാക്കും. ഗുണനിലവാരമുള്ള വിത്തുകളും തൈകളും കൃഷി വകുപ്പ് എത്തിച്ചുനല്‍കും. മെയ് 25നും 30 നുമിടയില്‍ തരിശുഭൂമികളില്‍ നടീല്‍ ഉത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ ആവസാനത്തോടെ വിളവെടുക്കും. കോവിഡിനു ശേഷം ഉണ്ടാകാനിടയുള്ള ഉത്പാദന മുരടിപ്പ് പദ്ധതിയിലൂടെ തടയാനാകുമെന്നും മന്ത്രി പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും പദ്ധതി ഏകോപിപ്പിക്കുന്നതിനുമായി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ ജനപ്രതിനിധികളുടെ യോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മേയര്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.